ദക്ഷിണകൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷത്തിനിടെ സംഭവിച്ച ദുരന്തത്തിൽ സുരക്ഷാ വീഴ്ച സമ്മതിച്ചു പോലീസ്. ഇത്രയധികം ആൾത്തിരക്കുണ്ടായിട്ടും അത് തടയുവാൻ വേണ്ടത്ര നടപടിയെടുത്തില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. 156 പേർ കൊല്ലപ്പെടുകയും 152 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആഭ്യന്തര മന്ത്രി ലീ സാങ് മിൻ ജനത്തോട് ക്ഷമാപണം നടത്തി.
കോവിഡിന് ശേഷം ആദ്യമായി നിയന്ത്രണങ്ങളില്ലാതെ ഹലോവീൻ ആഘോഷിക്കാൻ അനുമതി നൽകുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിരുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് പോലീസിന് നിരവധി കോളുകൾ ലഭിച്ചിരുന്നു. സ്ഥിതിഗതികളുടെ ഗൗരവത്തെക്കുറിച്ച് അവരെ അറിയിച്ചെങ്കിലും അവരുടെ പ്രതികരണം കുറവായിരുന്നുവെന്ന് മിസ്റ്റർ യൂൻ പറഞ്ഞു.
ദക്ഷിണ കൊറിയയുടെ എമർജൻസി നമ്പറിലേക്കുള്ള ആദ്യ കോൾ പ്രാദേശിക സമയം 18:34 ന് വന്നതായി സിയോൾ പോലീസ് വെളിപ്പെടുത്തി. ജനത്തിരക്ക് വർധിക്കുന്നതിന് മുൻപ് നിരവധി ഫോൺ കോളുകളാണ് മുന്നറിയിപ്പുമായി എത്തിയത്. കോളുകൾ ലഭിച്ചതിന് ശേഷം ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ ഉചിതമായി പ്രതികരിച്ചിട്ടുണ്ടോയെന്നും അറിയാൻ അന്വേഷണം തുടരുകയാണ്.