ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി ഏകകണ്ഠമായി സ്ഥാനത്തുനിന്ന് നീക്കിയതിന് മണിക്കൂറുകൾക്കുശേഷം ഇതേക്കുറിച്ച് പ്രതികരിച്ച് പ്രസിഡന്റ് യൂൺ സുക് യോൾ. പൊതുജനങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമായി രാജ്യത്തെ നയിക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. “നിങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമായി ജീവിക്കാൻ കഴിയാത്തതിൽ ഞാൻ വളരെയധികം ഖേദിക്കുന്നു” എന്നാണ് യൂൺ തന്റെ അഭിഭാഷകർ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
“നമ്മുടെ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എനിക്ക് വീഴ്ച സംഭവിച്ചപ്പോഴും നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഞാൻ ആത്മാർഥമായി നന്ദിയുള്ളവനാണ്” – അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഭരണഘടനാ കോടതിയിലെ എട്ട് ജഡ്ജിമാരിൽ ആറുപേരാണ് യൂണിന്റെ സ്ഥാനമൊഴിയലിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇത് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു വഴിയൊരുക്കുമെന്നും രണ്ടുമാസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഡിസംബറിൽ സൈനിക നിയമം പ്രഖ്യാപിക്കുകയും സിയോളിലെ തെരുവുകളിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തതോടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്നാണ് യൂണിനെ നീക്കം ചെയ്യുന്നത്. ദേശീയ അസംബ്ലി പെട്ടെന്ന് ഉത്തരവ് അസാധുവാക്കുകയും അദ്ദേഹത്തെ ഇംപീച്ച് ചെയ്യുകയും അദ്ദേഹത്തിന്റെ കേസ് ഭരണഘടനാ കോടതിയിലേക്കു മാറ്റുകയും ചെയ്തതിനുശേഷം കഴിഞ്ഞ ദിവസമാണ് സുപ്രധാന വിധി പുറത്തുവരുന്നത്.