ദക്ഷിണ കൊറിയയിൽ പ്രതിരോധമന്ത്രി കിം യോങ്-ഹ്യുൻ വ്യാഴാഴ്ച രാജി വച്ചതായി വെളിപ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോൾ. സൈനിക നിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
“ദേശീയ പ്രതിരോധമന്ത്രി കിം യോങ്-ഹ്യൂനിന്റെ രാജി രാഷ്ട്രപതി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ രാജിക്ക് അംഗീകാരം നൽകുകയും സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുങ്-ഹ്യുക്കിനെ പുതിയ മന്ത്രി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുകയും ചെയ്തു” – പ്രസിഡന്റ് യൂനിന്റെ ഓഫീസ് അറിയിച്ചു.
ദക്ഷിണ കൊറിയയിൽ അടിയന്തിര പട്ടാളനിയമം പ്രസിഡന്റ് യൂൻ സുക് യോൾ പ്രഖ്യാപിച്ചത് ഡിസംബർ മൂന്നാം തീയതി രാത്രിയിലായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ആരോപിച്ചായിരുന്നു ഈ നീക്കം. അപ്രതീക്ഷിതമാായി പട്ടാളനിയമം പ്രഖ്യാപിച്ചതോടെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കി. മണിക്കൂറുകൾക്കുള്ളിൽ നാഷണൽ അസംബ്ലിയുടെ മുന്നിൽ വൻ ജനക്കൂട്ടം പ്രതിഷേധവുമായി അണിനിരന്നു.
പുതിയ പ്രഖ്യാപനത്തെ തുടർന്ന് രാജിവയ്ക്കുകയോ, ഇംപീച്ച്മെന്റ് നേരിടുകയോ ചെയ്യാൻ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയവും പാസാക്കി.