ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ ഇനിമുതൽ രാജ്യത്തിന്റെ പ്രസിഡന്റ് അല്ലെന്നു പ്രഖ്യാപിച്ച് രാജ്യത്തിന്റെ പരമോന്നത കോടതി. പട്ടാളനിയമം പ്രഖ്യാപിച്ച് നാലുമാസത്തിനു ശേഷം ഇംപീച്ച് ചെയ്യപ്പെട്ട അദ്ദേഹം തൽസ്ഥാനത്തു തുടരുന്നത് അനിവാര്യമല്ലെന്നാണ് കോടതി വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ദക്ഷിണ കൊറിയയിൽ യൂൺ പട്ടാളനിയമം പ്രഖ്യാപിക്കുകയും രാജ്യത്തെ രാഷ്ട്രീയപ്രക്ഷുബ്ധതയിലേക്ക് തള്ളിവിടുകയും ചെയ്തത്. എന്നിരുന്നാലും മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നിയമതർക്കത്തിനും ശേഷമാണ് ഈ തീരുമാനം. ഡിസംബറിൽ പാർലമെന്റ് യൂണിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഔപചാരികമായി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അദ്ദേഹത്തിനെതിരായ നീക്കം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇപ്പോൾ പ്രസിഡന്റിന്റെ വസതി വിട്ടുപോകണമെന്നും കൂടാതെ അദ്ദേഹത്തിന് പകരക്കാരനുവേണ്ടി ഒരു തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഭരണഘടനാ കോടതിയിലെ എട്ട് ജസ്റ്റിസുമാർ യൂണിന്റെ ഇംപീച്ച്മെന്റ് ഏകകണ്ഠമായി ശരിവച്ചു. പ്രസിഡന്റ് പട്ടാളനിയമം പ്രഖ്യാപിക്കുന്നതിനുള്ള ഔപചാരിക നടപടിക്രമം ലംഘിച്ചുവെന്നും നിയമനിർമ്മാതാക്കളുടെ അവകാശങ്ങളിൽ കടന്നുകയറി സായുധസേനയുടെ തലവനെന്ന നിലയിൽ തന്റെ കടമ ലംഘിച്ചു എന്നതുമാണ് കുറ്റം. ഒരു പ്രത്യേക ക്രിമിനൽ വിചാരണയിൽ, കലാപത്തിനു നേതൃത്വം നൽകിയെന്ന കുറ്റത്തിന് ജനുവരിയിൽ യൂണിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് വാറണ്ട് റദ്ദാക്കിയതിനെത്തുടർന്ന് മാർച്ചിൽ അദ്ദേഹത്തെ വിട്ടയച്ചിരുന്നു. എന്നിരുന്നാലും കുറ്റങ്ങളിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നില്ല.