ദക്ഷിണ കൊറിയൻ പ്രസിഡന്റ് സ്ഥാനാർഥി ലീ ജെയ് മ്യുങ് തന്റെ പ്രചാരണ ഉദ്ഘാടനവേളയിൽ ധരിച്ചിരുന്ന ചുവപ്പും നീലയും നിറങ്ങളിലുള്ള സ്‌നീക്കറുകൾ രാജ്യത്ത് അപ്രതീക്ഷിതമായി ഒരു തരംഗമായി മാറിയതായി റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ഔദ്യോഗിക സ്റ്റോറുകളിൽ ഇത്തരത്തിലുള്ള ജോഡികൾ വിറ്റുതീർന്നു.
മെയ് 12 ന്, ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയയിലെ അംഗമായ ലീ, ജൂൺ മൂന്നിനു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തന്റെ 22 ദിവസത്തെ ഔദ്യോഗിക പ്രചാരണ കാലയളവ് ആരംഭിച്ചപ്പോൾ പരമ്പരാഗത ഷൂസുകളിൽനിന്നു മാറി റീബോക്കിന്റെ ക്ലാസിക് ലെതർ GY1522 സ്‌നീക്കറുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. ഡിസംബറിൽ പട്ടാളനിയമം നടപ്പിലാക്കിയതിന്റെപേരിൽ പീപ്പിൾ പവർ പാർട്ടി അംഗമായ മുൻ കൺസർവേറ്റീവ് പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച്‌മെന്റിനും തുടർന്ന് പുറത്താക്കലിനും ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഈ പ്രത്യേക ഷൂസ് ധരിക്കാനുള്ള ലീയുടെ തീരുമാനം ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. ദക്ഷിണ കൊറിയയിലെ ലിബറൽ, യാഥാസ്ഥിതിക വോട്ടർമാരെ ഒന്നിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ പ്രതിജ്ഞകളിലൊന്ന് നിറവേറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. “ഇനി നമുക്ക് പ്രത്യയശാസ്ത്രത്തിന്റെപേരിൽ പോരാടാൻ സമയമില്ല. പുരോഗമനപരമോ, യാഥാസ്ഥിതികമോ ആയ പ്രശ്നങ്ങളില്ല, മറിച്ച് കൊറിയൻ പൗരന്മാരുടെ പ്രശ്നങ്ങൾ മാത്രമാണുള്ളത്” – അദ്ദേഹം റാലിയിൽ പറഞ്ഞു.
അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് ഉൽപന്നങ്ങളുടെ ഒരു വലിയ നിരയായി മാറിയ ഈ പ്രത്യേക സ്‌നീക്കറുകൾ യഥാർഥത്തിൽ 2022 ൽ പുറത്തിറക്കിയതാണ്. 89,000 വോൺ (£47.93) വിലയ്ക്ക് ഇവ വിറ്റഴിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.