ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിനെ അറസ്റ്റ് ചെയ്തതിൽ സമ്മിശ്ര പ്രതികരണവുമായി രാജ്യം. കരച്ചിൽ, നിലവിളി, വിളറിയ മുഖങ്ങൾ – ദക്ഷിണ കൊറിയയുടെ സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത കേട്ടപ്പോൾ വീടിന് പുറത്ത് അദ്ദേഹത്തിന്റെ പിന്തുണക്കാർക്കിടയിലുള്ള പ്രതികരണം അതായിരുന്നു.
ജനുവരി മൂന്നിന് യൂണിനെ അറസ്റ്റ് ചെയ്യാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായ, നാടകീയമായ ഒരു സംഘട്ടനത്തിനുശേഷം കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. യൂണിന്റെ ഹ്രസ്വകാല സൈനികനിയമവും പാർലമെന്റിന്റെ ഇംപീച്ച്‌മെന്റും ഇതിനകം തന്നെ നടന്നുകഴിഞ്ഞിരുന്നു.
“ഈ രാജ്യം പ്രതിസന്ധിയിലാണ്. സുസ്ഥിരവും സമാധാനപൂർണ്ണവുമായ ദക്ഷിണ കൊറിയയ്ക്കായി ഇന്നലെ രാത്രി മുതൽ ഞാൻ പ്രാർഥിക്കുന്നു” – യൂൻ അനുകൂലിയായ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു.
രാജ്യത്തിന്റെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയിൽ ജനം ആശങ്കാകുലരാണ്. കഴിഞ്ഞ ഒരു മാസമായി 64 കാരനായ യൂൻ, സെൻട്രൽ സിയോളിലെ തന്റെ പ്രസിഡൻഷ്യൽ കോമ്പൗണ്ടിനുള്ളിൽ താമസിച്ചുവരികയായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി പുറത്ത് പൊലീസ് കാത്തുനിന്നിരുന്നു. യൂണിന്റെ അനുയായികൾ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ തടിച്ചുകൂടിയ മൂവായിരത്തോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയിരുന്നു. എന്നാൽ, യൂണിനെ അറസ്റ്റ് ചെയ്യണമെന്ന് ഏറെ നാളായി മുറവിളി കൂട്ടിയ എതിരാളികൾ ആർപ്പുവിളികളുമായി അദ്ദേഹത്തിന്റെ അറസ്റ്റ് ആഘോഷിച്ചു.
ഡിസംബർ മൂന്നിന് യൂണിന്റെ സൈനികനിയമത്തിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് നിലവിലെ രാഷ്ട്രീയപ്രതിസന്ധിക്കു കാരണമായത്.