ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂവിന്റെ ഇംപീച്ച്‌മെന്റ് റദ്ദാക്കി ഭരണഘടനാ കോടതി. കൂടാതെ, അദ്ദേഹത്തെ ആക്ടിംഗ് പ്രസിഡന്റായി പുനഃസ്ഥാപിച്ചതായും ദക്ഷിണ കൊറിയയുടെ ഭരണഘടനാ കോടതിവിധി പ്രസ്താവിച്ചു. മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിലെ ഏറ്റവും പുതിയ രാഷ്ട്രീയ വഴിത്തിരിവാണിത്.
കഴിഞ്ഞ വർഷം അവസാനം സൈനികനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ രാജ്യത്തെ നേതാവായ യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തതിനെത്തുടർന്ന്, ആക്ടിംഗ് പ്രസിഡന്റായി ഹാൻ ചുമതലയേറ്റിരുന്നു. പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഇംപീച്ച്‌മെന്റ് പരിശോധിച്ചിരുന്ന ഭരണഘടനാ കോടതിയിലേക്ക് മൂന്നു ജഡ്ജിമാരെ നിയമിക്കാൻ ഹാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഡിസംബറിൽ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി അദ്ദേഹത്തെ ഇംപീച്ച് ചെയ്തത്.
കോടതിയിലെ എട്ടു ജഡ്ജിമാർ 5-1 വോട്ടിന് ഹാന്റെ ഇംപീച്ച്‌മെന്റ് തള്ളിക്കളഞ്ഞപ്പോൾ, രണ്ടു ജഡ്ജിമാർ പ്രമേയം പൂർണ്ണമായും തള്ളിക്കളഞ്ഞതായി ആഭ്യന്തര മാധ്യമമായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. ഒരു ജസ്റ്റിസാണ് ഹാനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തത്.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഓഫീസ് ഹാന്റെ പുനഃസ്ഥാപനത്തെ സ്വാഗതം ചെയ്തു. ഫെബ്രുവരി 19 നു നടന്ന കേസിലെ വാദംകേൾക്കലിൽ ഹാൻ പങ്കെടുത്തു. അവിടെ അദ്ദേഹം ഇംപീച്ച്‌മെന്റ് തള്ളിക്കളയാൻ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.