ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി യൂൻ സുക് യോളിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്ന് ജൂൺ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ആക്ടിംഗ് നേതാവ് അറിയിച്ചു. സൈനിക നിയമ പ്രഖ്യാപനത്തിന് യൂണിനെ ഡിസംബറിൽ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും ഏപ്രിൽ നാലിന് കോടതി അദ്ദേഹത്തിന്റെ ഇംപീച്ച്മെന്റ് ശരിവയ്ക്കുകയുമായിരുന്നു. ഇത് 60 ദിവസത്തിനുള്ളിൽ ഒരു ഇടക്കാല തിരഞ്ഞെടുപ്പിനു വഴിയൊരുക്കി.
മുറിവുകളിൽ നിന്ന് വേഗത്തിൽ സുഖപ്പെടുകയും മുന്നോട്ടുപോകുകയും ചെയ്യണമെന്നു പറഞ്ഞുകൊണ്ട് ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ ആണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. യൂണിന്റെ പട്ടാളനിയമ പ്രഖ്യാപനം ദക്ഷിണ കൊറിയയെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു തള്ളിവിടുകയും സമൂഹത്തിലെ ആഴത്തിലുള്ള ഭിന്നതകൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ നാലുമാസമായി ജനങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചതിനും പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന ഈ ദുഃഖകരമായ സാഹചര്യം നേരിടേണ്ടിവന്നതിനും ഹാൻ ജനങ്ങളോടു ക്ഷമ ചോദിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള ആഗ്രഹം ചില രാഷ്ട്രീയക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ തൊഴിൽമന്ത്രി കിം മൂൺ-സൂവും ഉൾപ്പെടുന്നുണ്ട്. പ്രചാരണത്തിനു തുടക്കം കുറിച്ച അദ്ദേഹം തന്റെ സ്ഥാനം രാജിവച്ചു. കഴിഞ്ഞ മൂന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടിയുടെ നിയമസഭാംഗമായ ആൻ ചിയോൾ-സൂവും മത്സരരംഗത്തേക്കു കടന്നുവന്നിട്ടുണ്ട്.