16 വയസ്സിന് മുകളിലുള്ള ആര്‍ക്കും നിയമപരമായി രജിസ്റ്റര്‍ ചെയ്ത് ലിംഗഭേദം നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് സ്പെയിന് പാര്‍ലമെന്റ് അംഗീകാരം നല്കി. 16- 17 പ്രായമായവര്‍ക്ക് ഗര്‍ഭഛിദ്രത്തിന്റെ പരിധി ലഘൂകരിക്കാനും തീരുമാനമായി. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി ഏര്‍പ്പെടുത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമെന്ന ഖ്യാതിയും സ്പെയിന് സ്വന്തമാക്കി.
16 വയസ്സിനു മുകളിലുള്ള ആര്‍ക്കും മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ ഔദ്യോഗിക രേഖകളില്‍ ലിംഗം മാറ്റാനുള്ള നിയമനിര്‍മാണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പുതിയ തീരുമാനം.
2 നും 14 നും ഇടയില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ ലിംഗമാറ്റത്തിന് ജഡ്ജിയുടെ അനുമതി വേണം. 14 നും 16 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ അനുമതി പത്രം ആവശ്യമാണ്.
മൂന്നു മുതല്‍ അഞ്ചുദിവസം വരെയാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുക. ഇതിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 16, 17 വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ നിയമപരമായി ഗര്‍ഭഛിദ്രം നടത്താം എന്നാണ് പുതിയ നിയമം. പാര്‍ലമെന്റില്‍ 185 അംഗങ്ങള്‍ കരടുനിയമത്തെ അനുകൂലിച്ചപ്പോള്‍ 154 പേര് എതിര്‍ത്തു.