Friday, January 31, 2025

പ്രളയം: വലൻസിയയിലേക്ക് 500 സൈനികരെക്കൂടി അയച്ച് സ്പെയിൻ

വെള്ളപ്പൊക്കദുരിതത്തിൽ വലയുന്ന വലൻസിയയിലേക്ക് 500 സൈനികരെക്കൂടി അയച്ച് സ്പെയിൻ. വെള്ളപ്പൊക്കത്തെ തുടർന്ന് ഇതുവരെ 200 പേർ മരണമടഞ്ഞതായാണ് റിപ്പോർട്ട്. കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത് വലൻസിയയിലും പരിസരത്തുമാണ്.

വെള്ളപ്പൊക്കത്തോടുള്ള പ്രതികരണത്തിൽ പ്രാദേശിക അധികാരികളുടെ വിമർശനങ്ങൾക്കിടയിലാണ് വലൻസിയ മേഖലയിലേക്ക് 500 സൈനികരെക്കൂടി വിന്യസിപ്പിച്ചിരിക്കുന്നത്. ഇവർ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. തിങ്കളാഴ്ച ആരംഭിച്ച കനത്ത മഴ, വെള്ളപ്പൊക്കത്തിനു കാരണമാവുകയും പാലങ്ങൾ നശിപ്പിക്കുകയും പട്ടണങ്ങളെ ചെളികൊണ്ടു മൂടുകയും കമ്മ്യൂണിറ്റികളെ വിച്ഛേദിക്കുകയും വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇല്ലാതാക്കുകയും ചെയ്തു. ഇനിയും അനേകം ആളുകളെ കണ്ടെത്താനാകാത്തത് മരണസംഖ്യ ഉയരാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നു.

എന്നാൽ, ഇതുവരെ പ്രതികൂലമായ കാലാവസ്ഥയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നത് രക്ഷാപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്. വലൻസിയ മേഖലയിൽ 1,700 ഓളം സൈനികർ ഇതിനകംതന്നെ തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നുണ്ട്. എന്നിരുന്നാലും കൂടുതൽ ആളുകളെ കണ്ടെത്താനും രക്ഷപെടുത്താനുമുള്ള ശ്രമത്തിലാണ് സൈന്യം. വെള്ളം ഉയർന്നതിനാൽ, ആളുകൾ കുടുങ്ങിയിട്ടുണ്ടാകുമെന്നു ഭയപ്പെടുന്ന ഭൂഗർഭ തുരങ്കങ്ങളിൽനിന്നും കാർ പാർക്കുകളിൽനിന്നും വെള്ളം പമ്പ് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Latest News