Monday, November 25, 2024

ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി പൗരന്മാര്‍ ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി

ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി പൗരന്മാര്‍ ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പെഡ്രോ സാഞ്ചസ് വെള്ള ഷര്‍ട്ട് ധരിച്ചാണ് എത്തിയത്.

‘ഞാന്‍ ടൈ ധരിച്ചിട്ടില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനര്‍ത്ഥം ഊര്‍ജ്ജത്തിന്റെ കാര്യം വച്ച് നോക്കിയാല്‍ അത് ലാഭിക്കാന്‍ നമ്മുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ഇത്’ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അതിനാല്‍ എല്ലാ മന്ത്രിമാരോടും സര്‍ക്കാര്‍ ജീവനക്കാരോടും ടൈ കെട്ടുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ – സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയിലെ ജീവനക്കാരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥന നടത്തി. ‘നമ്മുടെ രാജ്യത്തിന്റെ ഊര്‍ജ്ജ സംരക്ഷണത്തിന് നാമെല്ലാവരും സംഭാവന ചെയ്യണം’, എന്നാല്‍ ടൈ കെട്ടുന്നത് എങ്ങനെയാണ് വലിയതോതില്‍ ഊര്‍ജ്ജ സംരക്ഷണം സാധ്യമാകുക എന്നൊന്നും സാഞ്ചസ് വിശദമാക്കുന്നില്ല. പക്ഷെ സ്വകാര്യ മേഖലയിലെ ജീവനക്കാരോടും സ്പാനീഷ് പ്രധാനമന്ത്രി ഈ കാര്യം ആവശ്യപ്പെടുന്നു.

സ്‌പെയിനിലെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെലഷ്യസ് കവിഞ്ഞതിനാല്‍, സ്‌പെയിന്‍കാര്‍ എയര്‍ കണ്ടീഷനിംഗിനെ കൂടുതലായി ആശ്രയിക്കുന്നത് രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

വ്യാഴാഴ്ച, സ്‌പെയിനിലെ പരിസ്ഥിതി മന്ത്രി തെരേസ റിബേറ, ഊര്‍ജ്ജ ഉപഭോഗത്തെക്കുറിച്ച് ജാഗ്രത വേണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഊര്‍ജ്ജ വിതരണത്തിലോ മറ്റോ ജനങ്ങളുടെ ദൈനംദിന ജീവിതം തടസ്സപ്പെടുന്ന നിയന്ത്രണങ്ങള്‍ തല്‍ക്കാല്‍ സര്‍ക്കാര്‍ കടക്കുന്നില്ലെന്ന് ഇവര്‍ സൂചിപ്പിച്ചു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനു ശേഷം സമീപ മാസങ്ങളില്‍ സ്പാനിഷ് ജനതയുടെ ഊര്‍ജ്ജ ചെലവ് കുതിച്ചുയര്‍ന്നിരുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ധന വിതരണത്തില്‍ കുറവ് വന്നതോടെ സ്പാനീഷ് താപനിലയങ്ങളെ അത് ബാധിച്ചിട്ടുണ്ട്. റഷ്യന്‍ ആശ്രയത്വം കുറയ്ക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഊര്‍ജ്ജ സംരക്ഷണ പദ്ധതി സര്‍ക്കാര്‍ അടുത്ത ആഴ്ച അവതരിപ്പിക്കുമെന്നാണ് സ്പാനീഷ് പ്രധാനമന്ത്രി പറയുന്നത്.

 

Latest News