ഈ വർഷത്തെ റാറ്റ്സിംഗർ പുരസ്‌കാര ജേതാക്കളുടെ പേരുകൾ വത്തിക്കാൻ വെള്ളിയാഴ്ച (നവംബർ 3) പ്രഖ്യാപിച്ചു. സ്‌പെയിനിൽ നിന്നുള്ള ഫാ. പാബ്ലോ ബ്ലാങ്കോ സാർട്ടോയും ഫ്രാൻസെസ് ടോറൽബയും ആണ് പുരസ്‌കാരത്തിന് അർഹരായ ദൈവശാസ്ത്രജ്ഞർ. നവംബർ 30 -ന് അപ്പസ്‌തോലിക അരമനയിലെ സാല റീജിയയിൽവച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പുരസ്കാരം സമ്മാനിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
1964 ജൂലൈ 12 -ന് സ്പെയിനിലെ സരഗോസയിലാണ് ഫാ. പാബ്ലോ ബ്ലാങ്കോ സാർട്ടോ ജനിച്ചത്. നവാര സർവകലാശാലയിൽ ഹിസ്പാനിക് ഫിലോളജി പഠനത്തിനുശേഷം റോമിൽ, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസിൽ ദൈവശാസ്ത്രത്തിൽ അദ്ദേഹം തന്റെ പഠനം പൂർത്തിയാക്കി. തുടർന്ന് ലൂയിജി പാരേസന്റെ (1918-1991) ചിന്തയിൽ തത്വശാസ്ത്രത്തിൽ ബിരുദവും ഡോക്ടറേറ്റും ആരംഭിച്ചു. 1997 സെപ്തംബർ 21 -ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. 2005 -ൽ നവാര സർവകലാശാലയിൽ (സ്പെയിൻ) ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ നവാര സർവകലാശാലയിൽ എക്യൂമെനിസം, സാക്രമെന്റൽ, പാസ്റ്ററൽ തിയോളജി എന്നീ മേഖലകളിൽ പ്രൊഫസറാണ്.
ഫ്രാൻസെസ് ടോറൽബ റോസെല്ലോ ഒരു തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമാണ്. 1967 മെയ് 15 -ന് ബാഴ്‌സലോണയിൽ (സ്പെയിൻ) ജനിച്ച അദ്ദേഹം വിവാഹിതനും അഞ്ചുകുട്ടികളുടെ പിതാവുമാണ്. നിലവിൽ റാമോൺ ലുൾ സർവകലാശാലയിൽ അംഗീകൃത പ്രൊഫസറായ അദ്ദേഹം സ്പെയിനിലെയും അമേരിക്കയിലെയും മറ്റ് സർവകലാശാലകളിൽ കോഴ്‌സുകളും സെമിനാറുകളും എടുക്കുന്നു.