കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ആവിലയുടെ (യു. സി. എ. വി.) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് പ്രസിഡന്റും സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൂസേഡ്സ് ഓഫ് സാന്താ മരിയയുടെ ജനറൽ ഡയറക്ടറുമായ ലിഡിയ ജിമെനെസിന് ‘പ്രോ എക്ലീസിയ എത്ത് പൊന്തിഫിസ് മെഡൽ’ സമ്മാനിച്ച് ഫ്രാൻസിസ് മാർപാപ്പ. പരിശുദ്ധ സിംഹാസനം നൽകിവരുന്ന ഈ മെഡൽ കത്തോലിക്കാ സഭയ്ക്ക് അൽമായരും സമർപ്പിതരും വൈദികരും നൽകുന്ന വിശിഷ്ടസേവനത്തിനുള്ള അംഗീകാരമാണ്.
1999 മുതൽ 2016 വരെ അൽമായർക്കും കുടുംബത്തിനും ജീവിതത്തിനുംവേണ്ടിയുള്ള ഡികാസ്റ്ററിയുടെ കൺസൾട്ടന്റായിരുന്നു ലിഡിയ ജിമെനെസ്. 2001 മുതൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫിന്റെ ഡികാസ്റ്ററിയുടെ കൺസൾട്ടന്റും കൂടിയാണ് അവർ. 2012 ൽ ബെനഡിക്ട് പതിനാറാമൻ വിളിച്ചുകൂട്ടിയ ക്രിസ്ത്യൻ വിശ്വാസത്തിന്റെ കൈമാറ്റത്തിനായുള്ള പുതിയ സുവിശേഷവൽക്കരണത്തെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിൽ ഓഡിറ്ററായി ലിഡിയ ജിമെനെസ് നിയമിതയായി.
1888 ൽ ലിയോ പതിമൂന്നാമൻ തന്റെ പൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കത്തോലിക്കാ സഭയ്ക്ക് അൽമായരും സമർപ്പിതരും വൈദികരും നൽകുന്ന വിശിഷ്ടസേവനത്തിനുള്ള അംഗീകാരമായാണ് ‘പ്രോ എക്ലീസിയ എത്ത് പൊന്തിഫിസ് മെഡൽ’ നൽകാൻ ആരംഭിച്ചത്.
ഇപ്പോൾ 19 സ്പാനിഷ് രൂപതകളിൽ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൂസേഡ്സ് ഓഫ് സാന്താ മരിയ ഉണ്ട്. കൂടാതെ ജർമനി, ഇറ്റലി, അയർലൻഡ്, പെറു, മെക്സിക്കോ, കൊളംബിയ, ചിലി, കാമറൂൺ, ക്യൂബ, യു. എസ്. എ., ഉറുഗ്വേ എന്നിവിടങ്ങളിലേക്കും ഇവർ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ആവിലയുടെ അഭിപ്രായത്തിൽ, ലിഡിയ ജിമെനെസിന്റെ കത്തോലിക്കാ സഭയിലെ പ്രവർത്തനങ്ങളെക്കുറിച്ച് വി. ജോൺ പോൾ രണ്ടാമൻ പാപ്പയും ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും പ്രകീർത്തിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ നൽകുന്ന ഈ അംഗീകാരത്തിന് ലിഡിയ ജിമെനെസ് നന്ദിപറഞ്ഞു.