മണിപ്പൂരിലെ മലയോര ജില്ലകള്‍ക്ക് പ്രത്യേക ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ മണിപ്പൂരിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. മേഖലയില്‍ സമാധാനവും അധികാര സന്തുലിതാവസ്ഥയും ഉറപ്പാക്കാന്‍ ഗോത്രവര്‍ഗക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക ഭരണം നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
‘ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ഭരണം തേടാനുള്ള അവകാശമുണ്ട്. ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, പ്രത്യേക ഭരണം സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. താഴ് വരയിലും കുന്നുകളിലും സമാധാനം നിലനില്‍ക്കും.’ പ്രതിഷേധക്കാര്‍ പറഞ്ഞു. എല്ലാ ദുരിതാശ്വാസ ശ്രമങ്ങളും സാമഗ്രികളും മലയോര-ആദിവാസി മേഖലകളില്‍ എത്തിക്കണമെന്നും പ്രതിഷേധക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ, ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടര്‍ ജനറലിനും (ഡിജിപി) സമാനമായ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ പത്ത് കുക്കി-സോമി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചുരാചന്ദ്പൂര്‍, കാംഗ്പോപി, ചന്ദേല്‍, തെങ്നൗപല്‍, ഫെര്‍സാവല്‍ എന്നീ അഞ്ച് മലയോര ജില്ലകളുടെ കാര്യക്ഷമമായ ഭരണം ഈ തസ്തികകളിലൂടെ ഉറപ്പാക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു.