വംശീയകലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ കുക്കി-സോ ജനവാസ മേഖലകളില്‍ പ്രത്യേക ഭരണത്തിനു അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കുക്കി-സോ ഗോത്രങ്ങളുടെ സംയുക്ത സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറമാണ് (ഐടിഎല്‍എഫ്) ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കുക്കി-സോ ജനവാസ മേഖലകളില്‍ ‘പ്രത്യേക ഭരണം’ സ്ഥാപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
“സര്‍ക്കാര്‍ ആദിവാസികളുടെ ശബ്ദം കേള്‍ക്കുന്നില്ല. പ്രത്യേക ഭരണം വേണമെന്ന ഞങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ആറ് മാസത്തിലേറെയായി ഒന്നും ചെയ്തിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങളുടെ ഈ ശബ്ദം കേട്ടില്ലെങ്കില്‍, ഞങ്ങള്‍ സ്വയം ഭരണം സ്ഥാപിക്കും. ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും” ഐടിഎല്‍എഫ് ജനറല്‍ സെക്രട്ടറി മൗണ്‍ ടോംബിംഗ് പറഞ്ഞു. ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ളതുപോലെ, കുക്കി-സോ പ്രദേശങ്ങളിലെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്ന ഒരു സംവിധാനമാണ് വേണ്ടതെന്നും ടോംബിംഗ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ബുധനാഴ്ച ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഐടിഎല്‍എഫ് പ്രതിഷേധ റാലി നടത്തി. മണിപ്പൂര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധ റാലി.