Monday, November 25, 2024

പ്രക‍ൃതിദുരന്ത നിവാരണ മുന്നറിയിപ്പ് നൽകാൻ ഹിമാചലിൽ പ്രത്യേക റഡാറുകൾ

പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ രണ്ട് ഡോപ്ലർ വെതർ റഡാറുകൾ സ്ഥാപിച്ച് ഹിമാചൽ സർക്കാർ. റഡാറുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നടത്തി. ഓൺലൈനായി നടത്തിയ ചടങ്ങിൽ ഉത്തരാഖണ്ഡിലെ ജോഷിമഠിന്റെ അതേ ഗതി സംസ്ഥാനത്തിനും നേരിടേണ്ടി വരുമോ എന്ന ആശങ്കയും അദ്ദേഹം അറിയിച്ചു.

കാലാവസ്ഥാ പ്രവചനങ്ങൾ, മുന്നറിയിപ്പുകൾ, കാലാവസ്ഥാ ഡാറ്റ എന്നീ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഡോപ്ലർ വെതർ റഡാറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ജനുവരി ആദ്യവാരം മുതൽ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുകയാണ്. ഇതേ സാഹചര്യം ഹിമാചലിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഹിമാചലിനായി നാല് ഡോപ്ലർ കാലാവസ്ഥാ റഡാർ സംവിധാനങ്ങൾ ആവശ്യമാണ്. ഇത്തരം പ്രതിഭാസങ്ങൾ ഇനിയും ജനങ്ങൾക്കും സ്വത്തിനും ഭീഷണിയായേക്കാം” – സുഖു കൂട്ടിച്ചേർത്തു.

കിന്നൗർ, ലാഹൗൾ സ്പിതി ജില്ലകളിലെ ഏകദേശം 30% പ്രദേശങ്ങളിലും മേഘവിസ്ഫോടനങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും വിള്ളലുകളുള്ളതായി റിപ്പോർട്ടുകളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന തലസ്ഥാനമായ ഷിംലയും അതിന്റെ ചരിത്രമുറങ്ങുന്ന പ്രദേശങ്ങളും മൂന്നു-നാല് പതിറ്റാണ്ടുകളായി മുങ്ങിത്താഴുകയാണ്. അതേസമയം, സംസ്ഥാനത്തിനുളള ദുരിതാശ്വാസ ഫണ്ട് വർദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തോടും, വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ് സംസ്ഥാനം സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News