Monday, November 25, 2024

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

\ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും ​കശ്മീരിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 370 നിര്‍വ്വചിക്കുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികളിലാണ് വിധി.

“ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രഖ്യാപനം സാധുതയുള്ളതാണോ അല്ലയോ എന്നത് ഇനി പ്രസക്തമല്ല. . ആർട്ടിക്കിൾ 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370–ാം വകുപ്പ് മാറ്റാൻ അധികാരമുണ്ട്.” ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2018 ഡിസംബറില്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തതിനാല്‍ അതില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ മൂന്ന് വിധികളാണ് പ്രസ്ചതാവിച്ചത്. ഭരണഘടനാ ബെഞ്ചിന്റെ ഈ മൂന്ന് വിധികളും യോജിപ്പുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് വിധിയെഴുതിയത്. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേ​ഗം പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബർ 30 ന് അകം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിക്ക് മുന്നോടിയായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. മെഹബൂബ മുഫ്തിയെ “നിയമവിരുദ്ധ” വീട്ടുതടങ്കലിലാക്കിയെന്നാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) എക്സിലൂടെ ആരോപിച്ചത്. മഫ്തിയുടെ വസതിയുടെ വാതിലുകൾ പൊലീസ് സീൽ ചെയ്തതായി പിഡിപി പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞു.

Latest News