Wednesday, April 2, 2025

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 16

പേർഷ്യയിലെ ആംഗ്ലിക്കൻ മിഷനറിയായിരുന്ന ഹെൻറി മാർട്ടിന്റെ മരണം 1812 ഒക്ടോബർ 16-നായിരുന്നു. 31 വർഷത്തെ ഹ്രസ്വമായ തന്റെ ജീവിതത്തിൽ അദ്ദേഹം ബൈബിളിലെ പുതിയ നിയമം ഹിന്ദുസ്ഥാനിയിലേക്കും പിന്നീട് അറബിയിലേക്കും പേർഷ്യനിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലണ്ടിലേക്കു മടങ്ങുന്നതിനിടെ കടലിൽവച്ചാണ് അദ്ദേഹം മരണമടഞ്ഞത്.

ചൈനയിലെ ആദ്യത്തെ അറിയപ്പെടുന്ന പ്രൊട്ടസ്റ്റന്റ് രക്തസാക്ഷിയായ ചെ ജിംഗുവാങ് കൊല്ലപ്പെട്ടത് 1861 ഒക്ടോബർ 16-നാണ്. നാലുദിവസത്തെ പീഡനത്തിനുശേഷം, ബൊലുവോയിലെ പ്രായമായ ചൈനീസ് ക്രിസ്ത്യാനിയായ ചെ ജിംഗുവാങ്ങിനോട് ക്രിസ്തുമതം ഉപേക്ഷിക്കാൻ ഉത്തരവിട്ടു. ഇതിനു വിസമ്മതിച്ച അദ്ദേഹത്തെ കൊന്ന് മൃതദേഹം നദിയിലേക്ക് എറിയുകയാണുണ്ടായത്.

1905 ഒക്ടോബർ 16-നാണ് ബംഗാൾ വിഭജനം നടന്നത്. അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു വിഭജനം. 1905 ജനുവരിയിലാണ് ബംഗാൾ വിഭജിക്കാനുള്ള പദ്ധതി ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപിക്കുന്നത്. ബംഗാൾ, ഈസ്റ്റ് ബംഗാൾ എന്നിങ്ങനെയാണ് പ്രവിശ്യയെ വിഭജിച്ചത്. ഇന്നത്തെ പശ്ചിമ ബംഗാൾ, ബീഹാർ, ഒറീസ എന്നീ പ്രദേശങ്ങളടങ്ങുന്ന ബംഗാളിന്റെ തലസ്ഥാനം, കൽക്കട്ടയായിരുന്നു. ബംഗാളിന്റെ മറ്റു ഭാഗങ്ങളും ആസാമും ഉൾപ്പെടുന്ന കിഴക്കൻ ബംഗാളിന്റെ ആസ്ഥാനം ധാക്കയും ആയിരുന്നു.

ഒന്നര ലക്ഷത്തിലധികം ചതുരശ്രമൈൽ വിസ്തീർണ്ണമുള്ളതും എഴുപത്തി എട്ടര മില്യൺ ആളുകൾ വസിച്ചിരുന്നതുമായ വിശാലമായ ഭൂപ്രദേശമായിരുന്നു അവിഭക്ത ബംഗാൾ പ്രസിഡൻസി. ഭരണപരമായ സൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിഭജനമെങ്കിലും കൽക്കട്ട കേന്ദ്രീകരിച്ച് ശക്തിപ്പെട്ടുവരുന്ന ദേശീയപ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയായിരുന്നു വിഭജനത്തിന്റെ ലക്ഷ്യം. പ്രക്ഷോഭങ്ങളെ തുടർന്ന് 1911-ൽ ഈ വിഭജനം റദ്ദ് ചെയ്തെങ്കിലും 1947-ൽ വീണ്ടും ഒരിക്കൽക്കൂടി ബംഗാൾ വിഭജിക്കപ്പെട്ടു. ഇന്ത്യയിൽനിന്ന് വേർപെട്ടുപോയ കിഴക്കൻ ബംഗാൾ ആദ്യം കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടു. പിന്നീട് പാക്കിസ്ഥാനിൽനിന്നും വേർപെട്ട് ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറി.

പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാൻ കൊല്ലപ്പെട്ടത് 1951 ഒക്ടോബർ 16-നായിരുന്നു. റാവൽപിണ്ടിയിലെ കമ്പനി ബാഗിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടുനിൽക്കെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് സാദ് അക്ബർ ബാബ്റാക് എന്നയാൾ രണ്ടുതവണ വെടിയുതിർക്കുക്കയായിരുന്നു. 1923-ലായിരുന്നു അലിയുടെ രാഷ്ട്രീയപ്രവേശം. തുടർന്ന് മുസ്ലീം ലീഗിൽ ചേർന്ന അദ്ദേഹം മുഹമ്മദലി ജിന്നയുടെ അടുത്ത സഹചാരിയായി മാറി. 1947-ൽ പാക്കിസ്ഥാൻ രൂപീകൃതമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കൻ പാക്കിസ്ഥാനിലെ കർണാലിൽ ജനിച്ച അദ്ദേഹം വെടിയേറ്റുവീണ സ്ഥലം പിന്നീട് ലിയാഖാത് ബാഗ് എന്നറിയപ്പെട്ടു.

1978 ഒക്ടോബർ 16-നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായ കപിൽ ദേവ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫൈസലാബാദിൽവച്ച് പാക്കിസ്ഥാനുമായി നടന്ന മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ അദ്ദേഹം തന്റെ ആദ്യ അർധശതകം തികച്ചു. 16 വർഷങ്ങൾ നീണ്ട അന്തർദേശീയ കരിയറിൽ 131 ടെസ്റ്റ് മാച്ചുകൾ കളിച്ച കപിൽ 5248 റൺസും 434 വിക്കറ്റുകളും സ്വന്തം പേരോട് ചേർത്തുവച്ചു. എട്ട് ടെസ്റ്റ് സെഞ്ച്വറികൾ കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കുന്നത്. 1994 നവംബറിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച കപിൽ പിന്നീട് ഇന്ത്യൻ ടീമിന്റെ പരിശീലകനായും പ്രവൃത്തിച്ചു.

Latest News