ഈ ദിനം ചരിത്രത്തോട് ചേർന്നുനിൽക്കുന്നത് നിരവധി സംഭവങ്ങൾ ചേർത്തുവച്ചുകൊണ്ടാണ്. 1826 ഒക്ടോബർ 18-ന് ഇംഗ്ലണ്ടിൽ ലോട്ടറി നിരോധനം ഏർപ്പെടുത്തി. വലിയ റവന്യൂ വരുമാനം ഉണ്ടായിരുന്നെങ്കിലും ചൂതാട്ടത്തിലൂടെ നിരവധി ആളുകളെ ദരിദ്രരാക്കുന്നതിനാലാണ് ഇത് നിരോധിച്ചത്. എന്നാൽ 1994-ൽ ലോട്ടറിസംവിധാനം തിരികെ കൊണ്ടുവന്നു.
1920 ഒക്ടോബർ 18-ന് ബി. ബി. സി. സ്ഥാപിതമായി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്നായിരുന്നു ആദ്യ പേര്. റേഡിയോയുടെ കണ്ടെത്തലിൽ സുപ്രധാനിയായ മാർക്കോണി ഉൾപ്പെടെയുള്ള പ്രധാന വയർലസ് നിർമാതാക്കൾ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. അതേ വർഷം നവംബർ 14-ന് ലണ്ടനിലുള്ള സ്റ്റുഡിയോയിൽനിന്ന് ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. മാർക്കോണിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആയിരുന്നു ഇത്. ബി. ബി. സി. യുടെ ആദ്യ ജനറൽ മാനേജർ ആയി ചുമതലയേറ്റത് ജോൺ റെയ്ത്ത് എന്ന സ്‌കോട്ടിഷ് എൻജിനീയർ ആയിരുന്നു. 1927-ൽ കമ്പനി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനായി മാറുകയും ജോൺ റെയ്ത്ത് തന്നെ അതിന്റെ ആദ്യ ഡയറക്ടർ ജനറലായി ചുമതല തുടരുകയും ചെയ്തു.
ആദ്യമായി ഒരു മനുഷ്യനിർമിതപേടകം ശുക്രന്റെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത് 1967 ഒക്ടോബർ 18-നാണ്. വെനേറ-4 എന്ന റഷ്യൻനിർമിത ബഹിരാകാശപേടകം ശുക്രന്റെ അന്തരീക്ഷത്തിൽ ആദ്യമായി പ്രവേശിച്ചു. ഇതായിരുന്നു ഇവിടെ എത്തിച്ചേർന്ന ആദ്യ മനുഷ്യനിർമിത വസ്തു. ഇതിനുമുമ്പ് മറൈനർ-2 എന്ന നാസയുടെ ബഹിരാകാശപേടകം ശുക്രനു സമീപത്തുകൂടെ സഞ്ചരിച്ചിരുന്നെങ്കിലും അന്തരീക്ഷത്തിൽ പ്രവേശിച്ചിരുന്നില്ല. 1967 ജൂൺ 12-നാണ് വെനേറ-4 വിക്ഷേപിച്ചത്. ശുക്രന്റെ താപനില, സാന്ദ്രത, രാസഘടന എന്നിവയെക്കുറിച്ചുള്ള ആദ്യവിവരങ്ങൾ ലഭിച്ചത് ഈ ദൗത്യത്തിലൂടെയായിരുന്നു. ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ 90 മുതൽ 95% വരെ കാർബൺ ഡൈ ഓക്സൈഡാണെന്നു നിർണ്ണയിക്കാനും ദൗത്യം സഹായകമായി.
കർണാടക – തമിഴ്നാട് സർക്കാരുകൾ സംയുക്തമായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തി്ന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഓപ്പറേഷൻ കൊക്കൂൺ അവസാനിച്ചത് 2004 ഒക്ടോബർ 18-നായിരുന്നു. പത്തുവർഷം നീണ്ട ദൗത്യമാണ് അന്ന് രാത്രി 11.10-ന് അവസാനിച്ചത്. സർക്കാരിനെയും നിമയസംവിധാനങ്ങളെയും വെല്ലുവിളിച്ചിരുന്ന കൂസ് മുനിസ്വാമി വീരപ്പൻ എന്ന കാട്ടുകൊള്ളക്കാരനെ കീഴ്‌പ്പെടുത്താനുള്ളതായിരുന്നു ‘ഓപ്പറേഷൻ കൊക്കൂൺ’ എന്നപേരിൽ നടപ്പാക്കിയ ദൗത്യം. ഇത് അവസാനിച്ചത് 2004 ഒക്ടോബർ 18-നായിരുന്നു. കർണാടക – തമിഴ്നാട് സർക്കാരുകൾ സംയുക്തമായാണ് പത്തുവർഷം നീണ്ട ഈ ദൗത്യം നയിച്ചിരുന്നത്. കെ. വിജയകുമാറായിരുന്നു ഓപ്പറേഷൻ സംഘത്തിന്റെ തലവൻ. കണ്ണിന്റെ ചികിത്സയ്ക്കായി സേലത്തിനു പോകാനൊരുങ്ങിയ വീരപ്പനെ, പൊലീസ് തെറ്റിധരിപ്പിച്ച്, നേരത്തെ തയ്യാറാക്കിയ ആംബുലൻസിൽ കയറ്റുകയായിരുന്നു. മറഞ്ഞിരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ കമാൻഡോകളുടെ നടുവിൽ വന്നുനിന്ന ആംബുലൻസിലേക്ക് പൊലീസ് 338 തവണ വെടിയുതിർത്തു. അതിൽ മൂന്നെണ്ണം ദേഹത്ത് തറച്ചാണ് 52 വയസ്സുകാരനായിരുന്ന വീരപ്പൻ കൊല്ലപ്പെട്ടത്; അപ്പോൾ സമയം രാത്രി 11.10 ആയിരുന്നു. 1990-ലാണ് പ്രത്യേക ദൗത്യസംഘം രൂപീകരിച്ചത്. 2001-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയാണ് ഓപ്പറേഷൻ കൊക്കൂണിന് അനുമതി നൽകിയത്.