“ചീരയാണെന്റെ ആഹാരം; അതിലാണെന്റെ ആരോഗ്യം” എന്ന് താളത്തിൽ പാടിനടക്കുന്ന പോപ്പോയ് എന്ന നാവികനായ കാർട്ടൂൺ കഥാപാത്രത്തെ ഏവർക്കും പരിചയമുണ്ടാകും. ശത്രുവിനെ നേരിടാനാണ് പോപ്പോയ് ചീര കഴിക്കുന്നത്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ വന്നേക്കാവുന്ന രോഗം എന്ന ശത്രുവിനെ അതിജീവിക്കാനും ചീര അത്യുത്തമമാണ്. ഇരുണ്ട ഇലക്കറികളിൽ ജീവൻ നിലനിർത്തുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്; ചീരയും ഒരു അപവാദമല്ല.
വിറ്റാമിനുകൾ, പൊട്ടാസ്യം, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു ഡൈനാമിക് സൂപ്പർഫുഡാണ് ചീര. ഇത് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നമുക്കു നൽകുന്നു. സ്മൂത്തികൾ, സലാഡുകൾ, സാൻഡ്‌വിച്ചുകൾ, ഓംലെറ്റുകൾ, പാസ്ത എന്നിവയിലും മറ്റും ചീര ഉൾപ്പെടുത്തി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാൽ നമ്മുടെ ആരോഗ്യസംരക്ഷണത്തിനായി മറ്റു മാർഗങ്ങളൊന്നും സ്വീകരിക്കേണ്ടതായിവരില്ല.
ചീരയുടെ ആരോഗ്യഗുണങ്ങൾ പരമാവധി ശരീരത്തിലെത്തണമെങ്കിൽ അത് വേവിച്ചും പച്ചയ്ക്കും കഴിക്കണം. ചീര വേവിച്ചുകഴിച്ചാൽ കൂടുതൽ കാൽസ്യവും ഇരുമ്പും ആഗിരണം ചെയ്യപ്പെടും. എന്നാൽ തിളപ്പിക്കുമ്പോഴോ, ആവിയിൽ വേവിക്കുമ്പോഴോ ചീരയിലുള്ള മറ്റു പല പോഷകങ്ങളും നഷ്ടപ്പെടും. ചീര പച്ചയായി കഴിക്കുമ്പോൾ ഫോളേറ്റ്, പൊട്ടാസ്യം, റൈബോഫ്ലേവിൻ, വിറ്റാമിൻ സി എന്നിവ നമ്മുടെ ശരീരത്തിന് കൂടുതൽ ലഭ്യമാകും. ഒരുദിവസം ഒരു തവണ ചീര (2 കപ്പ് അസംസ്കൃത ചീര) കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കുന്നു
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, ചീരയിൽ പൊട്ടാസ്യം കൂടുതലാണ്. ഇത് നമ്മുടെ വൃക്കകളെ ശരീരത്തിൽനിന്ന് സോഡിയം പുറന്തള്ളാൻ സഹായിക്കുന്നതിലൂടെ രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. രക്തസമ്മർദം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു ഭക്ഷണക്രമത്തിലും ചീരയും സോഡിയം കുറവുള്ള മറ്റ് ഇലക്കറികളും മികച്ച ഒരു കൂട്ടിച്ചേർക്കലാണ്.
കൊറോണറി ഹൃദ്രോഗസാധ്യത കുറയ്ക്കുന്ന ല്യൂട്ടിൻ എന്ന ആന്റിഓക്‌സിഡന്റും ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ, ചീരയിൽ നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധം തടയുകയും പ്രമേഹത്തിനുള്ള പ്രാഥമിക അപകട ഘടകമായ വീക്കം ഒഴിവാക്കുകയും ചെയ്യും. ചീരയിലുള്ള വിറ്റാമിൻ കെ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ എന്നിവ തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന് അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് പറയുന്നു.
വിളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു
ഇരുമ്പ് അടങ്ങിയ നിരവധി ഭക്ഷണങ്ങളിലൊന്നാണ് ചീര. ഇത് ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ശരീരകലകളിലേക്കുള്ള ഓക്സിജന്റെ സഞ്ചാരത്തെ ഇരുമ്പ് പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ വിളർച്ച ഉണ്ടാകാം. ഇത് കടുത്ത ക്ഷീണം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൈജ്ഞാനിക വൈകല്യങ്ങൾ എന്നിവയ്ക്കു കാരണമാകും. ഇരുമ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ വിറ്റാമിൻ സി കൂടുതലുള്ള ഭക്ഷണങ്ങളുമായി, ബെൽ പെപ്പർ, തക്കാളി എന്നിവ സംയോജിപ്പിക്കുന്നത് ആഗിരണം വർധിപ്പിക്കാൻ സഹായിക്കും.
കാൻസർ തടയാൻ സഹായിച്ചേക്കാം
ചീരയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കാൻസർ കോശങ്ങൾ വികസിക്കുന്നതിനെതിരെ സംരക്ഷകരായി പ്രവർത്തിക്കുകയും ചിലതരം അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ആന്റിഓക്‌സിഡന്റുകൾ എന്ന നിലയിൽ, അവ നമ്മുടെ ശരീരത്തെ അർബുദകാരികളെ തടയാൻ സഹായിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ ഇ, എ, സി, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര, വൈറസുകൾക്കും ബാക്ടീരിയകൾക്കുമെതിരെ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്.
നീർക്കെട്ട് കുറയ്ക്കുന്നു
ചീര പോലുള്ള ഇലക്കറികളിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ, സമ്മർദം, ഉറക്കക്കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ വീക്കം ഉണ്ടാക്കാം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, വിട്ടുമാറാത്ത വീക്കം ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിന് ചീരയിൽ ധാരാളം ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
കാഴ്ചശക്തിക്ക് ഉത്തമം
ചീരയിലെ വിറ്റാമിൻ എ, കാഴ്ചത്തകരാർ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കാഴ്ച നിലനിർത്താനും സഹായിക്കുന്നു. തിമിരം, പ്രായവുമായി ബന്ധപ്പെട്ട കണ്ണിന്റെ അപചയം എന്നിവ തടയാനും ചീരയ്ക്കു കഴിയും.
ഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുന്നു
കലോറി കുറവും നാരുകൾ കൂടുതലടങ്ങിയതുമായ ചീര പോലുള്ള അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ഉത്തമമായ മാർഗമാണ്. ചീരയിലെ നാരുകൾ നമ്മളെ കൂടുതൽ നേരം സംതൃപ്തിയോടെ നിലനിർത്തും. കൂടാതെ, ദഹനം സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
മുടി, ചർമ്മം, നഖം എന്നിവയ്ക്ക് വളരെ നല്ലതാണ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അഭിപ്രായത്തിൽ, ചീരയിൽ വിറ്റാമിൻ എ, ഇ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം, മുടി, നഖങ്ങൾ എന്നിവ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.