Wednesday, April 2, 2025

ആധുനിക ഭാരതത്തിലെ യോഗീവര്യന്‍, അരവിന്ദ ഘോഷ്

1872 ഓഗസ്റ്റ് 15 ന് ബംഗാളിലെ പ്രസിദ്ധമായ ഘോഷ് കുടുംബത്തിലാണ് അരവിന്ദ ഘോഷ് ജനിച്ചത്. ഇംഗ്ലണ്ടില്‍ താമസിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി, ഐഎഎസ് പരീക്ഷയും പാസായി. ഇരുപത്തിയൊന്നാം വയസില്‍ ഭാരതത്തില്‍ തിരിച്ചെത്തി സംസ്‌കൃതം, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലും അവഗാഹം നേടി. തുടര്‍ന്ന് ബറോഡ സംസ്ഥാനത്തെ ഭരണരംഗത്തും വിദ്യാഭ്യാസ രംഗത്തും സേവനമനുഷ്ഠിച്ചു. ഭാര്യ മൃണാളിനിയുടെ മരണത്തോടെ അതീവ ദുഖിതനായ അദ്ദേഹം ശിഷ്ടായുസ് ഭാരതീയരുടെ ആത്മീയ പുരോഗതിയ്ക്കായി ചെലവഴിച്ചു.

രാഷ്ടീയ ജീവിതത്തിലേയ്ക്കുള്ള വഴി തിരിയല്‍

ഈശ്വരാന്വേഷണവും സാഹിത്യരചനയും ജീവിതവ്രതമാക്കിയ അരവിന്ദന്‍ അണിയറയിലിരുന്ന് സ്വാതന്ത്രത്തിനും സ്വരാജ്യത്തിനും വേണ്ടിയുള്ള ജനകീയസമരങ്ങള്‍ക്ക് പ്രചോദനം നല്‍കി. വിപിന്‍ ചന്ദ്രപാലിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വന്ദേമാതരത്തിന്റെ സഹപത്രാധിപര്‍ കൂടിയായിരുന്നു അരവിന്ദന്‍. അതിലൂടെ തന്റെ ചിന്തകള്‍ക്ക് അദ്ദേഹം പ്രകാശനം നല്‍കി.

സാഹിത്യത്തിലെ സംഭാവനകള്‍

ചെറുപ്രായത്തില്‍ ഇംഗ്ലീഷ് കവിതകളെഴുതിത്തുടങ്ങിയ അരവിന്ദ് 17 ാം വയസ്സില്‍ ‘ഹെക്കുബാ’ (യൂറപ്പീഡീസ്സ്) എന്ന നാടകം ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. അധ്യാപകനായ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായിരുന്നു കെ.എം.മുന്‍ഷി. കര്‍മ്മയോഗി (ഇംഗീഷ്) ധര്‍മ്മം (ബംഗാളി) എന്നീ വാരികകള്‍ പ്രസിദ്ധീകരിച്ചു. പ്രധാന കൃതികള്‍ മനുഷ്യാതീതന്‍, വിക്രമോര്‍വ്വശി, സാവിത്രി, മദര്‍, LIFE DIVINE , ESSAYS ON GEETHA , HUMAN CYCLE , RENAISSANCE IN INDIA , INDIA’S REBIRTH തുടങ്ങിയവയാണ്.

പത്രാധിപര്‍

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വന്ദേമാതരം, യുഗാന്തര്‍ എന്നീ പേരുകളില്‍ തുടങ്ങിയ പത്രത്തിന്റെ പത്രാധിപരായിരുന്നു അരവിന്ദന്‍. 10 കൊല്ലം സ്വാതന്ത്ര്യ സമരത്തില്‍ സജീവമായിരുന്നു അദ്ദേഹം.

ചൈനയുടെ മനസ്സ് വായിച്ച അരവിന്ദന്‍

ചൈന ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് ഒരിക്കല്‍ അദ്ദേഹം നെഹ്റു ഗവണ്‍ന്മെന്റിനു മുന്നറിപ്പ് നല്കി. ഇക്കാര്യം പിന്നീടു വായിച്ചറിഞ്ഞ ജോണ്‍ എഫ് കെന്നഡി അത്ഭുതത്തോടെ ചോദിച്ചു ഭാരതത്തിന്റെ ഒരു മൂലയില്‍ ധ്യാനത്തിലിരുന്ന ഒരാള്‍ക്ക് ചൈനയുടെ മനസ്സ് എങ്ങനെ വായിക്കാനായി എന്ന്.

ഒരു വര്‍ഷക്കാലത്തെ ജയില്‍വാസം

കൊല്‍ക്കത്തയില്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ‘റവല്യൂഷനറി പാര്‍ട്ടി’യുടെ പ്രമുഖനേതാവായിരുന്നു അരവിന്ദന്റെ സഹോദരന്‍ സരീന്ദ്രകുമാര്‍ഘോഷ്. 1908-ല്‍ മുസാഫര്‍പൂര്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കിങ്സ്ഫോര്‍ഡിന്റെ വാഹനത്തില്‍ ബോംബ് എറിഞ്ഞത് ആ വിപ്ളവകക്ഷിയില്‍പ്പെട്ടവരാണെന്നും അരവിന്ദനും അവരുമായി ബന്ധമുണ്ടായിരിക്കുമെന്നും സംശയിച്ച് അധികാരികള്‍ ഒരു ദിവസം രാവിലെ ഇദ്ദേഹത്തെ കിടപ്പറയില്‍ വച്ച് അറസ്റ്റു ചെയ്തു. മുറിയില്‍നിന്നും നവശക്തിയുടെ ലേഖനങ്ങള്‍ ഉള്‍പ്പെടെ പലതും പോലീസ് എടുത്തുകൊണ്ടുപോയി. ഒരു വര്‍ഷക്കാലത്തെ ജയില്‍വാസത്തിനുശേഷം ഇദ്ദേഹം ജയില്‍ മോചിതനായി.

വീണ്ടും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയും കര്‍മയോഗി എന്ന ഇംഗ്ലീഷ് വാരികയും, ധര്‍മം എന്ന ബംഗാളി വാരികയും ആരംഭിക്കുകയും ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ആത്മീയ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. അവര്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ക്കിടയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് അരൊബിന്ദോ 1910 ഏപ്രിലില്‍ പോണ്ടിച്ചേരിയിലെത്തി. അരൊബിന്ദോയുടെ രാഷ്ട്രീയ ജീവിതം 1906 മുതല്‍ 1910 വരെ നാല് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്.

ആധുനിക ഭാരതത്തിലെ യോഗീവര്യന്‍

1910 ന് ശേഷം അദ്ദേഹം പോണ്ടിച്ചേരിയില്‍ സ്ഥിരതാമസമാക്കി, ദാര്‍ശനിക, ആത്മീയ, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ലളിത ജീവിതവും, ഉത്കൃഷ്ട ചിന്തയും മുഖമുദ്രയാക്കിയ ശ്രീ. അരവിന്ദഘോഷ് ആധുനിക ഭാരതത്തിലെ ‘യോഗീവര്യന്‍” എന്നറിയപ്പെടുന്നു. ആര്‍ഷ പാരമ്പര്യത്തില്‍ ഉറച്ചുന്നിന്ന് ഭാരതീയരുടെ പാശ്ചാത്യാനുകരണഭ്രമത്തെ അദ്ദേഹം വളരെയധികം വിമര്‍ശിച്ചു. മീര റിച്ചാര്‍ഡ് എന്ന ഫ്രഞ്ചുകാരി അരവിന്ദന്റെ ശിഷ്യത്വം സ്വീകരിക്കുകയും, പിന്നീട് 1926-ല്‍ പോണ്ടിച്ചേരിയില്‍ അരവിന്ദാശ്രമം സ്ഥാപിക്കുകയും ചെയ്തു. അരവിന്ദാശ്രമം പില്‍ക്കാലത്ത് ഒരു തീര്‍ഥാടനകേന്ദ്രവും പുണ്യസങ്കേതവുമായിത്തീര്‍ന്നു. വൃക്കരോഗത്താല്‍ 1950 നവംബര്‍ 24-നു അരവിന്ദഘോഷ് അന്തരിച്ചു.

 

Latest News