തായ്‌ലൻഡിൽ നിന്ന് ശ്രീലങ്കയിലേക്ക് കഞ്ചാവ് നിറച്ച ഒരു സ്യൂട്ട്കേസുമായി കടന്ന 31 കാരനായ അമേരിക്കൻ പൗരനെ അറസ്റ്റ് ചെയ്തു. യു എസിലെ ഒരു ലാൻഡ് ട്രേഡിംഗ് കമ്പനിയിൽ ജോലിചെയ്യുന്ന പ്രതിയെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
അറൈവൽ ടെർമിനലിലെ ബിസിനസ്സ് ഇടനാഴിയിലൂടെ വിമാനത്താവളത്തിൽ നിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്. ശ്രീലങ്കൻ കസ്റ്റംസിലെ നാർക്കോട്ടിക് കൺട്രോൾ യൂണിറ്റ് ഇയാളുടെ സ്യൂട്ട്കേസിൽ നിന്ന് ഏകദേശം രണ്ടു ഡസൻ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ 23 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഏകദേശ വില ഏകദേശം 5,82,000 പൗണ്ട് ആണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷത്തെ ആദ്യ നാലുമാസങ്ങളിൽ തായ്‌ലൻഡിൽ നിന്ന് ശ്രീലങ്കയിലേക്ക് കഞ്ചാവ് കൊണ്ടുവരാൻ ശ്രമിച്ച അരഡസനിലധികം വിദേശികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
തായ്‌ലൻഡിൽ കഞ്ചാവ് കുറ്റകൃത്യമല്ലാതാക്കിയതിനെ തുടർന്ന്, ദ്വീപ് രാജ്യത്തേക്ക് ഗണ്യമായ അളവിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ‘കുഷ്’ കഞ്ചാവും ഹാഷിഷും രാജ്യത്തേക്ക് കൊണ്ടുവന്നുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച നാല് ശ്രീലങ്കൻ പൗരന്മാരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. 23 നും 36 നും ഇടയിൽ പ്രായമുള്ള പ്രതികൾ 500 ഗ്രാമിൽ താഴെ കഞ്ചാവ് കൈവശം വച്ചിരുന്നു.
കഴിഞ്ഞ മാസമാണ് തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ദ്വീപ് രാജ്യത്ത് എത്തിയ ദമ്പതികൾ, ഏഴ് വയസ്സുള്ള അവരുടെ കുട്ടിയോടൊപ്പം കഞ്ചാവുമായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയ്ക്ക് തൊട്ടടുത്തു കിടക്കുന്ന രാജ്യങ്ങളിൽ നടക്കുന്ന ഇത്തരം കഞ്ചാവ് വിൽപനകൾ പതുക്കെ ഇന്ത്യയിലേക്കും വ്യാപിക്കുന്ന സാഹചര്യം വിദൂരമല്ല.