Monday, November 25, 2024

ശ്രീലങ്കന്‍ പ്രതിസന്ധി: തകര്‍ന്ന ഈ രാജ്യത്തെ എങ്ങനെ ശരിയാക്കും?

കാലാകാലങ്ങളായി ശ്രീലങ്കയിലെ ഏറ്റവും പ്രൗഢമായതും കനത്ത സുരക്ഷയുള്ളതുമായ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായും സ്റ്റേറ്റ് ഓഫീസായും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടസമുച്ചയം. എന്നാല്‍ ജൂലൈ 9 ന്, പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഇരച്ചുകയറി നിയന്ത്രണം ഏറ്റെടുത്തതോടെ എല്ലാം മാറിമറിഞ്ഞു, കൊട്ടാരം തലകീഴായി മാറ്റപ്പെട്ടു.

‘രാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യന്റെ വീടായിരുന്നു അത്. ഒരിക്കലും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടില്ലാത്ത ഒരിടം. അത് ഇപ്പോള്‍ ഒരു ആകര്‍ഷണമായി മാറിയിരിക്കുന്നു. അതിന്റെ പ്രത്യേകതയുടെയും അന്തസ്സിന്റെയും എല്ലാ അടയാളങ്ങളും ഇല്ലാതായി. രാജപക്സെയുടെ ആഡംബര ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയ്ക്കായി കഴിഞ്ഞ അഞ്ച് ദിവസമായി ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ മണിക്കൂറുകളോളം അവിടെ അണിനിരന്നു. ഭംഗിയായി അലങ്കരിച്ച പുല്‍ത്തകിടികള്‍ പിക്നിക് സ്പോട്ടുകളായി മാറുകയും പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ സ്വകാര്യ കുളത്തില്‍ നീന്തുകയും പാര്‍ട്ടി നടത്തുകയും ചെയ്യുന്നു’. ശ്രീലങ്കന്‍ എഴുത്തുകാരനും വിശകലന വിദഗ്ധനുമായ അസംഗ അബെയഗുണശേഖര പറഞ്ഞു.

രാജപക്‌സെ ബുധനാഴ്ച പ്രതിസന്ധി ബാധിത രാജ്യത്ത് നിന്ന് ഓടിരക്ഷപെട്ട്, സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്ക് പോയി. അതിനുശേഷം അദ്ദേഹം സിംഗപ്പൂരിലേക്ക് മാറി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി നാമകരണം ചെയ്തു. വെള്ളിയാഴ്ച, ശ്രീലങ്കയുടെ പാര്‍ലമെന്ററി സ്പീക്കര്‍ രാജപക്‌സെയുടെ രാജി സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു.

‘രാജിവെക്കല്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്ന ഏക പോംവഴി. കാരണം രാജ്യത്തെ ആളുകള്‍ ക്ഷീണിതരും പട്ടിണിയിലും കോപത്തിലുമാണ്. അവര്‍ അധികാരികളില്‍ നിന്ന് മാറ്റവും ഉത്തരവാദിത്തവും ആവശ്യപ്പെടുന്നു’. അബെയഗുണശേഖര പറഞ്ഞു.

രാജപക്സെ രാജിവച്ചെങ്കിലും ശ്രീലങ്ക ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയുമായി മല്ലിടുകയാണ്. ദിവസേനയുള്ള പവര്‍ കട്ട്, ഇന്ധന വില വര്‍ധന, ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ കടുത്ത ക്ഷാമം എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ മാര്‍ച്ചില്‍ ആരംഭിച്ചതാണ്. കാര്യങ്ങള്‍ ഇനിയും കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ രാജ്യം പുനഃസ്ഥാപിക്കാന്‍ അടിയന്തിര മാറ്റം ആവശ്യമാണ്.

2019-ഓടുകൂടിയാണ് പ്രതിസന്ധി ആരംഭിച്ചതെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ പല ശ്രീലങ്കക്കാര്‍ക്കും മുന്നറിയിപ്പ് സൂചനകള്‍ 2010-ല്‍ ഗോതബയ രാജപക്സെയുടെ സഹോദരന്‍ മഹിന്ദ രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രകടമായിരുന്നു.

സമ്പന്നരായ വരേണ്യവര്‍ഗത്തിനും കോര്‍പ്പറേറ്റുകള്‍ക്കും നികുതി വര്‍ദ്ധിപ്പിക്കേണ്ട സമയത്ത് സര്‍ക്കാര്‍ അവര്‍ക്ക് വലിയ കുറവ് നല്‍കുകയായിരുന്നു. രാജ്യത്ത് പുനര്‍നിക്ഷേപം നടത്താമായിരുന്ന പണം കടബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചു. രാജ്യാന്തര മുന്നറിയിപ്പുകള്‍ വകവെക്കാതെ വന്‍തോതിലുള്ള നികുതിയിളവുകള്‍ നടപ്പാക്കുന്നതിനിടയില്‍ സൈന്യത്തില്‍ വലിയ തുക നിക്ഷേപിച്ച രാജപക്‌സെ സമ്പദ്വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തു, ഇത് സര്‍ക്കാരിന്റെ വരുമാനം കുത്തനെ ഇടിയാന്‍ കാരണമായതായി വിമര്‍ശകര്‍ വാദിക്കുന്നു. അടിയന്തര മാനുഷിക സഹായം ഇപ്പോള്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു.

2020-ല്‍, കറന്‍സി തകര്‍ച്ചയും നാണയപ്പെരുപ്പ നിരക്ക് ഉയരുന്നതും ചൂണ്ടിക്കാട്ടി ലോകബാങ്ക് ശ്രീലങ്കയെ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമായി പുനര്‍വര്‍ഗ്ഗീകരിച്ചിരുന്നു. ഈ മാസം ആദ്യത്തോടെയാണ് പ്രധാനമന്ത്രി വിക്രമസിംഗെ രാജ്യത്തെ ‘പാപ്പരായി’ പ്രഖ്യാപിച്ചത്. നമ്മുടെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്ന്’

ശ്രീലങ്കയിലെ ഈ പ്രതിസന്ധി അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. കാരണം മുമ്പ് ശ്രീലങ്ക തികച്ചും വ്യത്യസ്തമായിരുന്നു. പല തരത്തിലും വികസന വിജയഗാഥ രചിച്ച രാജ്യമായിരുന്നു ഇത്.

2009-ല്‍ ശ്രീലങ്കയിലെ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന്, രാജ്യം സമാധാനത്തിന്റെയും സ്ഥിരതയുടെയും കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. വ്യാപാരം അഭിവൃദ്ധിപ്പെട്ടു, രാജ്യാന്തര വിനോദസഞ്ചാരികള്‍ രാജ്യത്തിന്റെ ബീച്ചുകളിലും റിസോര്‍ട്ടുകളിലും തേയിലത്തോട്ടങ്ങളിലും മടങ്ങിയെത്തി. ആയുര്‍ദൈര്‍ഘ്യത്തിലും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ശ്രീലങ്കയിലേത്. വേള്‍ഡ് ഇക്കണോമിക് ഫോറം 2016 ല്‍ ശ്രീലങ്കയെ ദക്ഷിണേഷ്യയിലെ ഏറ്റവും സമ്പന്നമായ സമ്പദ്വ്യവസ്ഥ എന്ന് വിശേഷിപ്പിച്ചു.

ശ്രീലങ്കയിലെ ഏറ്റവും ലാഭകരമായ വ്യവസായങ്ങളിലൊന്നായ വിനോദസഞ്ചാരത്തിന് 2019-ലെ ഈസ്റ്റര്‍ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് തകര്‍ച്ച തുടങ്ങിയത്. പാന്‍ഡെമിക്ക് കൂടി വന്നതോടെ വീണ്ടും തിരിച്ചടി നേരിടേണ്ടിവന്നു.

‘ഞങ്ങള്‍ക്ക് ശക്തമായ കാര്‍ഷിക അടിത്തറയും ലോകത്തിലെ ഏറ്റവും ആവേശകരമായ ടൂറിസം വ്യവസായങ്ങളിലൊന്നും ഉണ്ടായിരുന്നു. ശരിയായ ഭരണത്തിന്റെ അഭാവത്തില്‍, ഞങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലേക്കും ഇപ്പോള്‍ പരാജയപ്പെട്ട അവസ്ഥയിലേക്കും നീങ്ങി’. എഴുത്തുകാരനായ അബെയഗുണശേഖര പറഞ്ഞു.

രാജപക്സെയെ രാജിവയ്ക്കുകയെന്ന ആവശ്യം പ്രതിഷേധക്കാര്‍ നേടിയെങ്കിലും രാജ്യം ഇപ്പോള്‍ വലിയ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. തകര്‍ന്ന സമ്പദ്വ്യവസ്ഥയ്ക്ക് എളുപ്പമുള്ള പരിഹാരമില്ല. എന്നാല്‍ ആദ്യപടിയായി ഒരു പുതിയ സര്‍ക്കാര്‍ വേണം. തിരഞ്ഞെടുപ്പും ആവശ്യമാണ്.

ഇത് മാറ്റത്തിനുള്ള സമയം

ഗോതബയ രാജപക്സെ ഇപ്പോള്‍ രാജ്യത്തിന് പുറത്തായതോടെ, പൊതുജനകോപം നിലവിലെ ആക്ടിംഗ് പ്രസിഡന്റായ പ്രധാനമന്ത്രി വിക്രമസിംഗെയിലേക്ക് തിരിഞ്ഞിരിക്കുന്നു. അധികാരത്തിലിരിക്കുന്നവരെ ഉത്തരവാദിത്തമുള്ളവരാക്കുന്നതില്‍ പൗരന്മാര്‍ എന്ന നിലയില്‍ തങ്ങളുടെ പങ്കിന്റെ പ്രാധാന്യം പല ശ്രീലങ്കക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്.

രാജപക്സെ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയേയും ആളുകള്‍ തള്ളിക്കളയുന്നില്ല. കാരണം പതിറ്റാണ്ടുകളായി രാഷ്ട്രീയ ഗെയിം കളിക്കുന്നവരാണ് ഇവര്‍ എന്ന് ജനത്തിനറിയാം. എന്നാല്‍ ഇപ്പോള്‍ മാറ്റത്തിനുള്ള സമയമാണിത്. സര്‍ക്കാര്‍ അധികം വൈകാതെ തിരഞ്ഞെടുപ്പ് നടത്തിയേ മതിയാകൂ.

പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി തുടരും. വോട്ടെടുപ്പിന് ഇതുവരെ ഒരു തീയതിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഭരണഘടന പ്രകാരം വിക്രമസിംഗെക്ക് പരമാവധി 30 ദിവസം മാത്രമേ ഓഫീസില്‍ തുടരാനാവൂ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിക്രമസിംഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനിയാക്കുമെന്ന് ശ്രീലങ്കന്‍ ഭരണകക്ഷി വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

എന്നാല്‍ ശ്രീലങ്കക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ തുടരുകയാണ്. ഗവണ്‍മെന്റില്‍ പുതിയ ആളുകളെയും മുഖങ്ങളെയും കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് വിശകലന വിദഗ്ധരും പറഞ്ഞു. കുറച്ച് മാസത്തേക്ക് സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാന്‍ ഇടക്കാല രാഷ്ട്രപതിയെ ചുമതലപ്പെടുത്തും. എന്നാല്‍ അദ്ദേഹം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവായിരിക്കില്ല.

ശ്രീലങ്കയുടെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണങ്ങളും പ്രോസിക്യൂഷനുകളും ആവശ്യമാണെന്നും നിര്‍ദേശങ്ങളുണ്ട്. വിദേശത്തുള്ള സ്വത്തുക്കള്‍ മറയ്ക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ ഈ പ്രതിസന്ധിക്ക് കാരണമായ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

 

 

 

Latest News