Friday, April 18, 2025

പാല്‍ച്ചായക്ക് 100 രൂപ, പാല്‍പ്പൊടിക്ക് 2000; തൊട്ടതിനും പിടിച്ചതിനും തീവില, പെട്രോളിന് ക്യൂനിന്ന് രണ്ടു മരണവും; ശ്രീലങ്കയ്ക്ക് ഇത് ദുരിതകാലം

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. വിദേശനാണയം ഇല്ലാത്തതിനാല്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലാണ്. ഇതിനിടയില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിവെയിലത്ത് നാല് മണിക്കൂറോളം ക്യൂവില്‍ കാത്തുനിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദ്രോഗവും പ്രമേഹവുമുള്ള 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് കാന്‍ഡിയിലും കടവത്തയിലുമായി മരിച്ചത്.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയില്‍ ഒരു കപ്പ് ചായയ്ക്ക് 100 ലങ്കന്‍ രൂപയാണ് വില. പാല്‍പ്പൊടിക്കും പാലിനും വില കൂടിയതോടെയാണ് സാധാരണക്കാരുടെ പാനീയമായ ചായയ്ക്കും വിലകൂടിയത്. ഒരു ലിറ്റര്‍ പാലിന് 263ലങ്കന്‍ രൂപയായപ്പോള്‍ 400 ഗ്രാ0 പാല്‍പ്പൊടിക്ക് 250 രൂപയുമാണ് ഉയര്‍ത്തിയത്.

ഇതിനുപുറമെ പാചകവാതക വില കുത്തനെ ഉയര്‍ത്തിയത് മൂലം ജനങ്ങള്‍ പാചകം ചെയ്യാനായി മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ച് തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് കൂട്ടിയത്. അഞ്ച് മണിക്കൂര്‍ നീളുന്ന പവര്‍കട്ട് മൂലം ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്‌നമായി. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെയാണ് മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ടിലേക്ക് രാജ്യം വീണത്.

പെട്രോളിനും ഡീസലിനും 40 % വില വര്‍ധനവുണ്ടായത് ഇന്ധനക്ഷാമം രൂക്ഷമാക്കി. മണിക്കൂറുകളോളം കാത്തുകിടന്നാണ് ജനങ്ങള്‍ ഇന്ധനം വാങ്ങുന്നത്. പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റര്‍ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. (1 ശ്രീലങ്കന്‍ രൂപ = 29 ഇന്ത്യന്‍ പൈസ). അസംസ്‌കൃത എണ്ണയുടെ ശേഖരം തീര്‍ന്നതിനെ തുടര്‍ന്ന് ലങ്കയിലെ ഏക സംസ്‌കരണശാല ഇന്നലെ പൂട്ടി.

അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് പുറമെ പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം മൂലം രാജ്യത്തെ സ്‌കൂളുകളില്‍ പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ചോദ്യപ്പേപ്പര്‍ അച്ചടിക്കാനുള്ള കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതോടെയാണ് 28ന് തുടങ്ങാനിരുന്ന 9,10,11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകള്‍ മാറ്റിയത്.

ശ്രീലങ്കന്‍ പ്രതിസന്ധിക്ക് കാരണം

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രീലങ്കയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കോവിഡ് പ്രതിസന്ധിയില്‍ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായി.

നിലവില്‍ ശ്രീലങ്കയിലെ വിദേശനാണയശേഖരം ഏതാണ്ട് തീര്‍ന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യന്‍ ഡോളറോളം വിദേശകടവുമുണ്ട്. 2020 മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വര്‍ധിച്ചു. കോവിഡ് കാലത്ത് ടൂറിസം വ്യവസായം തകര്‍ന്നതോടെ ആ വഴിയുള്ള വരുമാനവും നിലച്ചു.

പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. കാറുകള്‍, ഫ്‌ലോര്‍ ടൈലുകള്‍ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാണ് ആദ്യം ആഢംബരവസ്തുക്കളുടെയും ഏറ്റവുമൊടുവില്‍ ഗതികെട്ട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കൂടിയാണ് രാജ്യം നീങ്ങുന്നത്.

 

 

Latest News