Tuesday, November 26, 2024

ഇന്ധനക്ഷാമം; പമ്പുകള്‍ വിദേശ കമ്പനികളെ ഏല്‍പിക്കാന്‍ ലങ്ക

രൂക്ഷമായ ഇന്ധനക്ഷാമം നേരിടാന്‍ ശ്രീലങ്ക പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. രാജ്യത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം വിദേശ ഇന്ധനവിതരണ കമ്പനികളെ ഏല്‍പിക്കാന്‍ ആലോചിക്കുന്നതായി ഊര്‍ജമന്ത്രി കാഞ്ചന വിജസേഖര പറഞ്ഞു. നാലു വിദേശ കമ്പനികളെയെങ്കിലും രാജ്യത്ത് എത്തിച്ച് ഇന്ധനവിതരണം മെച്ചപ്പെടുത്താനാണു ശ്രമം.

പൊതുമേഖലയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന് പുറമേ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാത്രമാണ് ലങ്കയില്‍ ഇന്ധനവിതരണം നടത്തുന്നത്. ശ്രീലങ്കയില്‍ ഇന്ധനവിതരണത്തിന് സന്നദ്ധരാകുന്ന വിദേശ കമ്പനികള്‍ക്ക് സിപിസ് പമ്പുകള്‍ വിട്ടുനല്‍കാനാണ് പദ്ധതി.

സിപിസിയുടെ 1190 പമ്പുകളില്‍ 400 പമ്പുകളാണ് വിദേശ കമ്പനികള്‍ക്ക് കൈമാറുക. അതേ സമയം കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാന്‍ 2 മന്ത്രിമാര്‍ ഇന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും.

പമ്പുകളില്‍ ഇന്നലെ മുതല്‍ ടോക്കണ്‍ സംവിധാനം പ്രാബല്യത്തിലായി. രാജ്യത്ത് നിലവില്‍ ഇന്ധനം സ്റ്റോക്കില്ല. പുതിയ സ്റ്റോക്ക് എത്തുമ്പോള്‍ ടോക്കണ്‍ നല്‍കിയാകും ഇന്ധനം നല്‍കുക.

Latest News