ശ്രീലങ്കയിലെ അഭൂതപൂര്‍വമായ ഇന്ധന പ്രതിസന്ധിക്കിടയില്‍ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ജൂലൈ 4 മുതല്‍ ഒരാഴ്ച കൂടി നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളെ ക്ലാസ് മുറികളില്‍ എത്തിക്കാന്‍ വേണ്ടത്ര ഇന്ധനമില്ലാത്തതിനാല്‍ സര്‍ക്കാരും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്‌കൂളുകളും ഒരാഴ്ചത്തേക്ക് അടച്ചിടും.
കഴിഞ്ഞ മാസം, ഇന്ധനക്ഷാമം കാരണം സ്‌കൂളുകള്‍ രാജ്യവ്യാപകമായി ഒരു ദിവസത്തേക്ക് അടച്ചിടുകയും നഗരപ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞുകിടക്കുകയും ചെയ്തിരുന്നു. നീണ്ടുനില്‍ക്കുന്ന പവര്‍കട്ട് കാരണം കൊളംബോ നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്‌കൂളുകളും മറ്റ് പ്രവിശ്യകളിലെ മറ്റ് പ്രധാന നഗരങ്ങളിലെ സ്‌കൂളുകളും അടുത്ത ആഴ്ച അടച്ചിടുമെന്ന് ശ്രീലങ്കന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്‌കൂളുകളോട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാല്‍ രണസിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, യാത്രാക്ലേശം വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും ബാധിക്കാത്ത സാഹചര്യത്തിലാണ് ഡിവിഷന്‍ തലത്തിലുള്ള സ്‌കൂളുകള്‍ക്ക് ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കിയത്.
പ്രവൃത്തിദിവസങ്ങളില്‍ ഓണ്‍ലൈന്‍ അധ്യാപനം സുഗമമാക്കുന്നതിന് രാവിലെ 08.00 മുതല്‍ ഉച്ചയ്ക്ക് 01.00 വരെ പവര്‍കട്ട് ഉണ്ടാകില്ലെന്ന് ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന്‍ സമ്മതിച്ചതായി രണസിംഗെ അറിയിച്ചു. 1948-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം ഇതാദ്യമാണ് ഇത്തരത്തില്‍ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിക്ക് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്.
പണമില്ലാത്ത രാഷ്ട്രത്തിന് അതിന്റെ ഇന്ധന ആവശ്യങ്ങളില്‍ ഭൂരിഭാഗവും ലഭിക്കുന്നത് അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നാണ്. റഷ്യയിലെയും മലേഷ്യയിലെയും വിതരണക്കാരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. പുതിയ എണ്ണ വാങ്ങുന്നതിനായി പണം ബാങ്കുകള്‍ വഴി നാട്ടിലേക്ക് അയയ്ക്കാന്‍ ശ്രീലങ്കന്‍ പ്രവാസികളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.