നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടതുമുന്നണിയെ ശ്രീലങ്ക ചേർത്തുപിടിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും നാഷനൽ പീപ്ൾസ് പവർ (എൻ. പി. പി.) വലിയ മുന്നേറ്റം സ്വന്തമാക്കിയിരിക്കുകയാണ്. 225 അംഗ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി 159 സീറ്റുകൾ നേടിയതായി ഔദ്യോഗിക ഫലങ്ങൾ കാണിക്കുന്നു.
സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട ദിസാനായകെ അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയസംസ്കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും. ദ്വീപിലെ എക്കാലത്തെയും മോശം സാമ്പത്തിക പ്രതിസന്ധിക്കുശേഷം അഴിമതിക്കെതിരെ പോരാടാനും സ്ഥിരത പുനഃസ്ഥാപിക്കാനുമുള്ള തന്റെ വാഗ്ദാനം നിറവേറ്റാൻ ഇദ്ദേഹത്തിന് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം ആവശ്യമായിരുന്നു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയത്തിലേക്കു കുതിക്കുന്നത്. 225 അംഗ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 196 അംഗങ്ങളെയാണ് നേരിട്ട് തിരഞ്ഞെടുക്കുന്നത്. ബാക്കി 29 പേരെ പാർട്ടികൾ നേടിയ വോട്ടിന് ആനുപാതികമായി സീറ്റുകൾ നൽകും. ഇതാണ് പതിവ്.