രാജ്യത്ത് പെട്രോള്‍ ലഭ്യമല്ലെന്നും ജനങ്ങള്‍ പമ്പുകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കേണ്ടതില്ലെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍. പെട്രോള്‍ വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം തങ്ങളുടെ പക്കലില്ലെന്നാണ് ശ്രീലങ്കന്‍ ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യത്ത് ഡീസല്‍ ശേഖരമുണ്ട്. എന്നാല്‍, അവശേഷിക്കുന്ന പെട്രോള്‍ ആംബുലന്‍സുകള്‍ അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
പെട്രോളുമായി ഒരു കപ്പല്‍ തീരത്തുണ്ട്. എന്നാല്‍ അത് വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം കൈവശമില്ലെന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജേശേഖര പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇന്നല്ലെങ്കില്‍ നാളെ കപ്പലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ വിതരണക്കാരില്‍ നിന്ന് നേരത്തെ 53 മില്യണ്‍ ഡോളറിന്റെ പെട്രോള്‍ കടം വാങ്ങിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക ബാങ്ക് നല്‍കി വരുന്ന 160 മില്യണ്‍ ഡോളറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം ബുധനാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരാനിരിക്കുന്ന മാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും. എല്ലാവരും ത്യാഗങ്ങളും വീട്ടു വീഴ്ചകളും ചെയ്യാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിക്രമസിംഗെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്ത് ദിവസവും 15 മണിക്കൂര്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.