രാജ്യത്തേക്ക് വിദേശ നാണ്യം കൊണ്ട് വരുന്നതിനായി വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താന്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഹാറിന്‍ ഫെര്‍നാഡോ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് അഞ്ച് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലാണ് ഷോ സംഘടിപ്പിക്കുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ ശ്രീലങ്ക നേരിടുന്നത്. കൊറോണ വ്യാപനം രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ ഒന്നാകെ തകര്‍ക്കുകയായിരുന്നു. 22 ദശലക്ഷം ജനങ്ങളാണ് രാജ്യത്ത് ഉള്ളത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ മരുന്ന് , ഭക്ഷണം ,ഇന്ധനം എന്നിവ പോലും ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. വിദേശ കറന്‍സിയുടെ വരവ് കുറഞ്ഞതാണ് ഇതില്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ശ്രീലങ്കയില്‍ ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസം 61,951 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ എത്തിയതായി ആണ് കണക്കുകള്‍. ഈ സാഹചര്യം തിരികെ പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപരിതി വരെ കുറയണം എങ്കില്‍ വിനോദ സഞ്ചാര മേഖല ശക്തിപ്രാപിക്കണം എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
‘ഇന്ത്യ തങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണ്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ശ്രീലങ്കയിലേക്കുള്ള അത്യാവശ്യ യാത്രകള്‍ മാത്രം നടത്തണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം ആവസാനത്തോടെ ഒരു ദശലക്ഷത്തോളം വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ‘ ടൂറിസം മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തെ ഇന്ധനം ഉള്‍പ്പെടെ തീര്‍ന്നതിനാല്‍ ശ്രീലങ്കയില്‍ ജീവനക്കാരോട് വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ സ്‌കൂളുകള്‍ക്ക് നല്‍കിയ അവധിയും നീട്ടിയിരുന്നു. ഇതില്‍ നിന്നെല്ലാം കരകയറാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.