Thursday, May 15, 2025

ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ നേരിട്ടു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

ജനകീയ കലാപത്തെത്തുടര്‍ന്നു ഗോത്താബയ രാജപക്‌സെ പലായനം ചെയ്തതോടെ പ്രസിഡന്റിന്റെ പദവികൂടി വഹിക്കുന്ന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) വിഘടിതവിഭാഗം നേതാവ് ദുള്ളാസ് അലഹപ്പെരുമ, ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന (ജെവിപി)യുടെ അനുര കുമാര ദിസനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗേയ നേതാവ് സജിത് പ്രേമദാസ അവസാനനിമിഷം മത്സരരംഗത്തുനിന്നു പിന്മാറി.

ഭരണത്തിനു നേതൃത്വം നല്‍കുന്ന എസ്എല്‍പിപിയുടെ ഔദ്യോഗിക പിന്തുണ വിക്രമസിംഗെയ്ക്കാണ്. എന്നാല്‍ മുന്‍ വിദ്യാഭ്യാസമന്ത്രികൂടിയായ അലഹപ്പെരുമയ്‌ക്കൊപ്പം ഒരു വിഭാഗം നിലയുറപ്പിച്ചിരിക്കുകയാണ്. രാജപക്‌സെ വിരുദ്ധവികാരമാണ് ഇവരെ ഒന്നിപ്പിക്കുന്നത്. സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് അലഹപ്പെരുമ ഉള്‍പ്പെടെ 10 എംപിമാര്‍ ഭരണമുന്നണി വിട്ടത്.

Latest News