സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തില്‍ എല്ലാവരും ഒപ്പുവച്ചതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്.
നിലവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പക്കലാണ് കത്തുള്ളത്. ഇത് പ്രസിഡന്റ് ഗോതബയ രാജപക്സെക്ക് കൈമാറും. വരും ദിവസങ്ങളില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹിന്ദ രാജപക്സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നല്‍കിയതായും എംപി ദിനേഷ് ഗുണവര്‍ധന സ്ഥിരീകരിച്ചു. പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമല്‍ രാജപക്സെ എല്ലാ വകുപ്പുകളില്‍ നിന്നും രാജിവച്ചത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസം. നേരത്തെ മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോര്‍ട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്.
സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കടുത്ത പ്രതിഷേധം തുടരുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ 600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്കു പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ മാര്‍ച്ച് നടത്തി.
ശ്രീലങ്കയില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം നേരിടുകയാണ്. ഇതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിന് ആഹ്വാനം ഉയരുന്നുണ്ട്. ഇതു തടയാനാണു ഭരണകൂടം 36 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും 15 മണിക്കൂറിന് ശേഷം പിന്‍വലിച്ചു.
വാട്‌സ്ആപ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്പാചാറ്റ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കാണ് ഏര്‍പ്പെടുത്തിയ നിരോധനമാണു പിന്‍വലിച്ചത്.