മൂന്നുവര്‍ഷം മുമ്പ് ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയെയും ലോകത്തെയും നടുക്കിയ സ്‌ഫോടനപരമ്പരയിലെ ഇരകള്‍ക്കു നീതിതേടി കൊളംബോയില്‍ പ്രതിഷേധം. കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍, പ്രസിഡന്റ് ഗോത്താബയ രാജപക്‌സെയുടെ രാജിതേടിയുള്ള പ്രക്ഷോഭകര്‍ക്കൊപ്പം കൈകോര്‍ക്കുകയായിരുന്നു.
ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബോയില്‍ മൗനജാഥ നടന്നു. കേസ് തേയ്ച്ചുമായ്ച്ചു കളയാന്‍ രാഷ്ട്രീയനീക്കം നടക്കുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
270 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരന്പരയുടെ ദുരിതം പേറി ഒട്ടേറെ കുടുംബങ്ങളാണ് ഇപ്പോഴും ലങ്കയിലുള്ളത്. ഐഎസുമായി ബന്ധമുള്ള ലങ്കയിലെ നാഷണല്‍ തൗഹീദ് ജമാത്ത് എന്ന സംഘടനയാണ് കൊളംബോയിലെ മൂന്ന് ക്രൈസ്തവ ആരാധനാലയങ്ങളിലുംആഡംബര ഹോട്ടലുകളിലും 2019 ഈസ്റ്റര്‍ദിനത്തില്‍ സ്‌ഫോടനം നടത്തിയത്. അഞ്ഞൂറിലേറെ ആളുകള്‍ക്കാണു പരിക്കേറ്റത്.
രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നിട്ടും ആക്രമണം തടയാനായില്ല എന്നതിന്റെ പേരില്‍ അന്നത്തെ പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഹെയും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.