ചങ്ങനാശ്ശേരി: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയാർന്നതുമായ ചലച്ചിത്രോത്സവമായ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ബെസ്റ്റ് കോസ് – ഡ്രിവൺ ഫിലിം അവാർഡ് ഇന്ത്യയെ പ്രതിനിധീകരിച്ചു സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ബലൂൺ എന്ന ഹ്രസ്വ ചിത്രം സ്വന്തമാക്കി. കോളേജ് അധ്യാപകനും അറിയപ്പെടുന്ന പരസ്യ ചിത്ര നിർമ്മാതാവുമായ
സജൻ കളത്തിലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചത്. ലഹരിയുടെ ഉപയോഗവും അവ മൂലമുള്ള വിപത്തുകളുമാണ്
ചലച്ചിത്ര നടൻ ഗുരു സോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമയം.
ആലപ്പുഴ ജില്ല ഭരണകൂടത്തിന്റെയും കേരള സർക്കാരിന്റെ സമൂഹിക നീതി വകുപ്പിന്റെയും സഹകരണത്തോടെയാണ് ഷോർട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്.
കാൻ ചലച്ചിത്രോത്സവ അവാർഡിനോടൊപ്പം അമേരിക്കയിലെ ലോസ് ആഞ്ചലോസ് ചലച്ചിത്രോത്സവത്തിന്റെ മറ്റ് രണ്ട് അവാർഡുകളും ബലൂൺ സ്വന്തമാക്കിയിരുന്നു.
കോളേജ് അധ്യാപകനായ രഞ്ജിത്ത് കൂഴുറാണ് എഡിറ്റിങ്ങും സഹസംവിധാനവും നിർവഹിച്ചിരിക്കുന്നത്. കോളേജിലെ മൾട്ടിമീഡിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഫാ.മൈക്കിൾ ജാക്സൺ തോമസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സംഗീതം നിർവഹിച്ചിരിക്കുന്നത് ജാക്സ് ബിജോയിയുടെ നേതൃത്വത്തിലാണ്. ആർട്ട് ഡയറക്ടറായ സജി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളറായ എബിൻ ഫിലിപ്പ്, സൗണ്ട് മിക്സിങ് നടത്തിയ ബിനിൽ സി ആമക്കാട്, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.