കാനഡയിലെ സസ്‌കാഷ്വെൻ പ്രവിശ്യയിൽ രണ്ട് സ്ഥലങ്ങളിലായി നടന്ന കത്തിക്കുത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. സംഭവവുവമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേർക്കുവേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ കൂട്ടക്കൊലകളിലൊന്നായിട്ടാണ് ഈ ആക്രമണത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശേഷിപ്പിച്ചത്.
സസ്‌കാഷ്വെൻ പ്രവിശ്യയിലെ ജെയിംസ് സ്മിത്ത് ക്രീ നേഷൻ, സമീപ നഗരമായ വെൽഡൻ എന്നിവിടങ്ങളിലാണ് അക്രമണമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 5.40 നാണ് ആക്രമണവിവരം ലഭിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ പത്തുപേർ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ബാക്കിയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ റോണ്ട് ബ്ലാക്ക്‌മോർ അറിയിച്ചു. സംഭവത്തെ തുടർന്ന് 2,500 ആളുകൾ താമസിക്കുന്ന ജെയിംസ് സ്മിത് ക്രീ നേഷനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
“ഈ നഗരത്തിൽ ആരും ഇനി സമാധാനത്തിൽ ഉറങ്ങുകയില്ല. തങ്ങളുടെ വാതിൽ തുറക്കാൻ പോലും അവർ ഭയപ്പെടും,”- വെൽഡൺ നിവാസിയായ റൂബി വർക്ക്സ് പറഞ്ഞു. കത്തിക്കുത്ത് പരമ്പര നടത്തിയ ശേഷം ആക്രമികൾ രണ്ടുപേരും വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതികളെന്ന് കരുതുന്ന മെയിൽസ്, ഡാമിയെൻ സാൻഡേഴ്‌സൺ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.