Tuesday, November 26, 2024

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: നൂറുകോടി കൂടി അനുവദിച്ചതായി ധനമന്ത്രി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിയിലൂടെ ഉറപ്പാക്കിയത്‌. കാരുണ്യ പദ്ധതിയിലൂടെ ഇതുവരെ 12.5 ലക്ഷത്തോളം പേർക്കു മികച്ച ചികിത്സ ഉറപ്പാക്കുവാൻ കഴിഞ്ഞു എന്നും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ 41.96 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. പദ്ധതിയിലൂടെ കുടുംബത്തിന്‌ ആശുപത്രി ചികിത്സക്കായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് നൽകിവരുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന്‌ പരിഗണിക്കുന്നതിന്‌ തടസമാകില്ല എന്നതും ഒരു കുടുംബത്തിലെ എല്ലാവർക്കും ചികിത്സാ സഹായം ലഭിക്കുന്നു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാ സഹായം ലഭ്യമാക്കുവാൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കഴിയുന്നു. അതിനാൽ തന്നെ സാധാരക്കാർക്കു ഏറെ ആശ്വാസമായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഈ പദ്ധതി.

Latest News