Monday, November 25, 2024

നികുതി വര്‍ദ്ധിപ്പിച്ച് സംസ്ഥാന ബജറ്റ്: സാമൂഹിക ക്ഷേമ പെന്‍ഷന് വര്‍ദ്ധനവില്ല

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ ഭാഗമായി പെട്രോള്‍-ഡീസല്‍, ഭൂ -വാഹന നികുതികള്‍, മദ്യ വില എന്നിവ ഉയരും. സാമൂഹിക ക്ഷേമ പെന്‍ഷന് സംസ്ഥാന ബജറ്റിൽ വര്‍ദ്ധനവില്ലെന്നും ധനമന്ത്രി അറിയിച്ചു.

മദ്യത്തിന് അധിക സെസും, സാമൂഹിക സുരക്ഷാ സെസും ഏര്‍പ്പെടുത്തി. ആയിരം രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപ വരെയും ഉയരും. പെട്രോള്‍-ഡീസല്‍ എന്നിവയ്ക്ക് രണ്ട് രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ മുദ്രപത്രത്തിന്‍റെയും കാറുകളുടേയും നികുതിയും ബജറ്റില്‍ വര്‍ദ്ധിപ്പിച്ചു. 5 ലക്ഷം രൂപാ വരെയുള്ള കാറുകള്‍ക്ക് 1% നികുതിയും 5 മുതല്‍ 15 ലക്ഷം വരെ 2% നികുതിയും 15 ലക്ഷത്തിനു മേല്‍ 1% നികുതി എന്നിങ്ങനെയാണ് വര്‍ദ്ധനവ്‌.

അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. “കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്, വെല്ലുവിളികളെ നേരിടാന്‍ നമുക്ക് സാധിച്ചു” ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധി കുറച്ചതില്‍ കേന്ദ്രത്തേയും ബജറ്റ് പ്രസംഗത്തില്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. സാമൂഹിക ക്ഷേമ പെന്‍ഷനില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ ധനമന്ത്രി ബജറ്റില്‍ വകയിരുത്തി. കുടിവെള്ള വിതരണത്തിന് 10 കോടി, നിലക്കല്‍ വികസനത്തിന് 2.5 കോടി ഇങ്ങനെയാണ് പദ്ധതിക്കായി തുക നീക്കിവെച്ചിരിക്കുന്നത്. കെ ഫോണ്‍ പദ്ധതിക്ക് 100 കോടി രൂപയും ലൈഫ്മിഷന്‍ പദ്ധതിക്ക് 1436 കോടി രൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചതായി മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിനായി 7.8 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ഇലക്ട്രിക് വാഹന കണ്‍സോഷ്യം ആരംഭിക്കും. കിഫ്ബിയുടെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായും മന്ത്രി ബജറ്റില്‍ തുക വകയിരുത്തി. നാളികേര വികസന പദ്ധതിക്കായി 60.85 കോടി, നെല്‍കൃഷിക്ക് 91.05 കോടി, സ്മാര്‍ട്ട് കൃഷിഭവനുകള്‍ക്ക് 10 കോടി കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് 8 കോടി, വിള ഇന്‍ഷുറന്‍സിന് 30 കോടിയും നീക്കിവച്ചു. കൂടാതെ നാളികേരത്തിന്റെ താങ്ങു വില 32 രൂപയില്‍ നിന്ന് 34 ആക്കി വര്‍ദ്ധിപ്പിച്ചു. വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ അനുവദിച്ചതോടൊപ്പം മെന്‍സിട്രൂവല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് പത്ത് കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

അതേസമയം പെട്രോളിനും ഡീസലിനും രണ്ട് രൂപയുടെ സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തിയതും നികുതി വര്‍ദ്ധിപ്പിച്ചതിനെതിരേയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിലൂടെ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം.

Latest News