Wednesday, April 2, 2025

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടൻ മമ്മൂട്ടിയും നടി വിൻസി അലോഷ്യസും ആണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിയ്ക്ക് മികച്ച നടക്കുള്ള പുരസ്കാരം ലഭിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ച പുരസ്കാര പ്രഖ്യാപനമാണ് ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷത്തെ മൗന പ്രാർഥനയ്ക്ക് ശേഷമായിരുന്നു പുരസ്കാര പ്രഖ്യാപനം. സജി ചെറിയാനൊപ്പം ഗൗതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻ പകൻനേരത്ത് മയക്കം’ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ടിനു മികച്ച രണ്ടാമത്തെ ചിത്രം എന്ന നേട്ടവും ലഭിച്ചു. അറിയിപ്പിനു മഹേഷ് നാരായണൻ മികച്ച ചലച്ചിത്ര സംവിധായകനായും മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനും പുരസ്കാരത്തിന് അര്‍ഹരായി. റഫീക്ക് അഹമ്മദാണ് മികച്ച ഗാനരചയിതാവ്.

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിനു കുഞ്ഞി കൃഷ്ണനെ മികച്ച സ്വവഭാവ നടനായി തിരഞ്ഞെടുത്തപ്പോള്‍ ഇതേ സിനിമയിലെ അഭിനയത്തിനു കുഞ്ചാക്കൊബോബനും, ‘അപ്പൻ’ എന്ന സിനിമയിലെ അഭിനയത്തില്‍ അലൻസിയാറിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച സ്വവഭാവ നടിക്കുള്ള പുരസ്കാരം ദേവി വർമ്മയും (സൗദി വെള്ളക്ക) സ്വന്തമാക്കി.

മികച്ച പെൺ ബാലതാരമായി തന്മയയെയും (ചിത്രം വഴക്ക്) മികച്ച ആൺബാലതാരമായി മാസ്റ്റർ ഡാവിഞ്ചിയും തിരഞ്ഞെടുത്തു. മികച്ച പശ്ചാത്തല സംഗീതം (ന്നാ താൻ കേസ് കൊട്‌) ഡോൺ വിൻസെന്‍റിനാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ‘മയിൽപ്പീലി ഇളകുന്നു കണ്ണാ’ ഗാനം പാടിയ മൃഥുല നായരാണ് മികച്ച ഗായിക. മികച്ച നവാഗത സംവിധായകനായി ഷാഹി കബീർ (ഇലവീഴാപൂഞ്ചിറ) നെയും മികച്ച കലാ സംവിധായകനായി ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്‌) ഉം അര്‍ഹരായി. മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90കിഡ്‌സ്( സംവിധായകൻ- ജിതിൻ രാജ്) ആണ്. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം വിശ്വജിത്ത് എസ് ( ഇരവരമ്പ്) നും , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) ഉം സ്വന്തമാക്കി.

അതേസമയം, ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ് ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ) നേടി. മികച്ച സിങ്ക് സൗണ്ടിന് വൈശാഖ് പിവി (അറിയിപ്പ്)ക്കാണ് പുരസ്കാരം. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി(പെൺ) പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക) തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പുരുഷ വിഭാഗത്തില്‍ ഷോബി തിലകന്‍(പത്തൊന്‍പതാം നൂറ്റാണ്ട്) പുരസ്കാരം നേടി.
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം) ആണ്. ശോഭിപോള്‍ രാജിനു (തല്ലുമാല) മികച്ച നൃത്തസംവിധാനത്തിനും മികച്ച ചലച്ചിത്ര ഗ്രന്ഥമായി ‘സിനിമയുടെ ഭാവനാദേശങ്ങൾ’ (സി എസ് വെങ്കടേശ്വരൻ) ഉം പുരസ്കാരം ലഭിച്ചു. മികച്ച ലേഖനം സാബു പ്രവദാസിന്‍റെ ‘പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം’ ആണ്.

ബം​ഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഈ വര്‍ഷത്തെ പുരസ്കാരജേതാക്കളെ കണ്ടെത്തിയത്. എഴുത്തുകാരായ വി.ജെ. ജെയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ്, നിര്‍മ്മാതാവ് ബി. രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

 

Latest News