Sunday, November 24, 2024

വീണ്ടും നിപ ആശങ്കയില്‍ സംസ്ഥാനം: രോഗലക്ഷണങ്ങള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.

കോഴിക്കോട് ജില്ലയിലുണ്ടായ രണ്ട് അസ്വാഭാവിക പനി മരണങ്ങളെ തുടർന്ന് സംസ്ഥാനം വീണ്ടും നിപയുടെ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. സമാനമായി 2018 ലും കോഴിക്കോട് ജില്ലയില്‍ നിപ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിനെ സംസ്ഥാനം ക്രിയാത്മകമായി പ്രതിരോധിച്ചിരുന്നു. വീണ്ടും വൈറസ് പിടിമുറുക്കുന്നതായുള്ള ആശങ്കയ്ക്ക് കളമൊരുങ്ങുമ്പോള്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുകയാണ്. എന്താണ് നിപ? ലക്ഷണങ്ങൾ? രോഗം വന്നാല്‍ എങ്ങനെ നേരിടാം എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.

നിപ വൈറസ്

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്കും ഒപ്പം തന്നെ മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഒക്കെയാണ് മനുഷ്യരിലേക്ക് ഇതു പകരുന്നത്. ഹെനിപാ വൈറസ് ജീനസിലെ പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ വൈറസ്. ഇതൊരു ആര്‍.എന്‍.എ വൈറസ് ആണ്. അതിനാല്‍ അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 21 ദിവസം വരെയാകാം. ചിലപ്പോൾ ഇത് 14 ദിവസം കൊണ്ട് പ്രടമാകും. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. ശ്വാസകോശത്തേയും സാരമായി ബാധിക്കും.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണ്ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

* കൃത്യമായി മാസ്‌ക് ഉപയോഗിക്കുക

* സാമൂഹിക അകലം പാലിക്കുക

* ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

* രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

* രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

Latest News