കോവിഡിനെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ തുടക്കമാകും. അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിരുവനന്തപുരം ജില്ലയാണ് ആതിഥേയത്വം വഹിക്കുന്നത്. നാലു വർഷത്തിന് ശേഷമാണ് തലസ്ഥാന നഗരി കായിക മത്സരങ്ങൾക്ക് വേദിയാകുന്നത്.
ഇന്ത്യയിൽ ആദ്യമായി പകലും രാത്രിയും സ്കൂൾ കായിക മത്സരങ്ങൾ നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഭാവിയുടെ താരങ്ങൾ മാറ്റുരയ്ക്കുക. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 മത്സര ഇനങ്ങളാണ് ഉള്ളത്.
സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്, ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. മുന്നൂറ്റിയമ്പതോളം ഒഫീഷ്യൽസും ഇത്തവണ മേളയ്ക്കെത്തും. വിപുലമായ ഒരുക്കങ്ങളാണ് കായികോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.