സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായ ശഹന ജീവനൊടുക്കിയെന്ന പരാതിയില്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ പി സതീദേവി. ശഹന ജീവനൊടുക്കിയ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വനിതാ കമീഷന് അധ്യക്ഷ.
ആത്മഹത്യ ചെയ്യാന്‍ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ആത്മഹത്യാ പ്രേരണക്കും സ്ത്രീധന നിരോധന നിയമം അനുസരിച്ചും കേസെടുക്കാം എന്നും അധ്യക്ഷ പ്രതികരിച്ചു. സ്ത്രീധനം ചോദിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ട് നടപടിയെടുക്കണമെന്നാണ് കമ്മീഷന്റെ നിലപാട്. ഇതാണ് ആത്മഹത്യക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണ കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ രേഖപ്പെടുത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസെടുക്കണം എന്നും അധ്യക്ഷ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ശഹനയെ ഹോസ്റ്റല്‍ മുറിയില്‍ ചലനമറ്റ് കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം വാര്‍ത്തയായതിന് പിന്നാലെ ശഹനയുടെ വെഞ്ഞാറമ്മൂട്ടിലുള്ള വസതിയിലെത്തി ഉമ്മയെ വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ പി സതീദേവിയും വനിതാ കമ്മിഷന് അംഗങ്ങളായ വിആര്‍ മഹിളാമണിയും അഡ്വ എലിസബത്ത് മാമ്മന്‍ മത്തായിയും സന്ദര്‍ശിച്ചു.
ശഹനയുടെ മരണം വളരെയേറെ വേദനയുണ്ടാക്കി. അതിലേറെ ആശങ്കയുമുണ്ട്. വിദ്യാസമ്പന്നമാണെന്നും സാംസ്കാരികമായി പ്രബുദ്ധരാണെന്നും നാം അഭിമാനിക്കുമ്പോള്‍ സ്ത്രീധനം നല്കി കൊണ്ട് വിവാഹം കഴിക്കില്ലെന്ന് പെണ്‍കുട്ടികളും ഒരു കാരണവശാലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് ആണ്‍കുട്ടികളും തന്റേടത്തോടെ പറഞ്ഞു മുന്നോട്ടു വരണം എന്നും അധ്യക്ഷ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികള്‍ക്ക് എത്ര തന്നെ വിദ്യാഭ്യാസം നല്കിയാലും രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത് അവള്‍ക്ക് സന്തുഷ്ടമായ ദാമ്പത്യജീവിതം ഉണ്ടാകണമെന്നാണ്. ഇതിനായി സ്ത്രീധനവും നല്കുന്നു. കേരളത്തില്‍ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള സ്ത്രീധന കേസുകളില്‍ എല്ലാം ഏറ്റവും ദുരന്തം അനുഭവിച്ചിട്ടുള്ളത് വിദ്യാസമ്പന്നരായ കുടുംബങ്ങളിലുള്ള പെണ്‍കുട്ടികളാണെന്നതാണ്.
വളരെ ഗൗരവത്തോടു കൂടി കേരളീയ സമൂഹം ഇക്കാര്യം ചര്‍ച ചെയ്യണം. സ്ത്രീധന നിരോധന നിയമം 1961ല്‍ നമ്മുടെ നാട്ടില്‍ പാസാക്കി. പക്ഷേ ഒരു പരാതി പോലും സ്ത്രീധന നിരോധന ഓഫീസറുടെ മുന്‍പാകെ എത്താറില്ല. പലപ്പോഴും ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാലായിരിക്കും രക്ഷിതാക്കള്‍ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യം പറയുക. സ്ത്രീധനം ആവശ്യപ്പെടുന്ന സമയത്ത് അങ്ങനെ വിവാഹം നടത്തില്ലെന്നും ചോദിച്ചതിന്റെ പേരില്‍ പരാതി നല്‍കാനും രക്ഷിതാക്കള്‍ മുന്നോട്ടു വരണം. ഇങ്ങനെ വന്നാല്‍ സ്ത്രീധനം ചോദിക്കുന്നതിനെതിരെ നല്ല ഭയം സമൂഹത്തിലുണ്ടാകും.
പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുന്നത്, ഒരു ബലമുള്ള ചുമലില്‍ വച്ചുകൊടുത്തു കഴിഞ്ഞാല്‍ ഉത്തരവാദിത്തം കഴിഞ്ഞു എന്ന ധാരണയിലാണ്. രക്ഷിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടികളും ഇതേപോലെയാണ് ചിന്തിക്കുന്നത്. എത്രത്തോളം വിദ്യാഭ്യാസവും വരുമാനവും ഉണ്ടായിക്കഴിഞ്ഞാലും നല്ല ജോലിയുണ്ടായാലും അന്തിമമായ ലക്ഷ്യം എന്നു പറയുന്നത് ഒരു വിവാഹമാണ്.
വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച സമയത്ത് ശഹനയും ഈ വിവാഹ ബന്ധം വളരെയേറെ ഇഷ്ടപ്പെട്ടു കാണണം. ഒടുവിലാകണം ഇതിന്റെ പേരില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളുടെ പേരില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടാകുക. ഭീമമായ സ്ത്രീധനം നല്കാന് കഴിയാത്തതിന്റെ മാനസിക പ്രയാസത്തിലാണ് ജീവനൊടുക്കിയതെന്നാണ് വാര്‍ത്തയില്‍ നിന്നു മനസിലാക്കാന്‍ സാധിച്ചത്.
കുടുംബം പോലീസിന് പരാതി നല്കിയിരിക്കുന്നതായി അറിഞ്ഞു. വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചുണ്ടെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് സാഹചര്യമുണ്ട്. പോലീസില്‍ നിന്ന് വനിതാ കമ്മീഷന് റിപ്പോര്‍ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിന് നിര്‍ദേശം നല്‍കുമെന്നും അധ്യക്ഷ വ്യക്തമാക്കി.
പുതിയ തലമുറയിലെ കുട്ടികള്‍ മാറി ചിന്തിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വിവാഹമല്ല ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അന്തിമമായ കാര്യം. സ്ത്രീധനം ചോദിച്ചു വരുന്നവനെ വിവാഹം കഴിക്കില്ലെന്ന് ആര്‍ജവത്തോടെ പറയാന്‍, വിലപേശി വില്‍ക്കപ്പെടേണ്ടവരല്ലെന്ന കൃത്യമായ അഭിപ്രായം പറയാന്‍ പുതിയ തലമുറയില്‍പ്പെട്ട പെണ്‍കുട്ടികള്‍ തയാറാവണം.
സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നത് വളരെ അപമാനകരമാണെന്നും ഒരു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണെന്നും ചിന്തിക്കാന്‍ ചെറുപ്പക്കാരും തയാറാകണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു. അതേസമയം സംഭവത്തില്‍ ന്യൂനപക്ഷ കമ്മിഷന് കേസെടുത്തിട്ടുണ്ട്.