മോദി പരാമർശ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങുകയും എംപി സ്ഥാനത്തു തുടരാനും വഴിയൊരുങ്ങി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2019ലെ കർണാടക തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയും രണ്ട് വർഷം തടവും പിഴയും വിധിക്കുകയും ചെയ്തു. ഇതോടെ രാഹുലിന് എം പി സ്ഥാനം നഷ്ടപ്പെട്ടു. തുടർന്ന് വിധിയെ ചോദ്യം ചെയ്ത രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രാഹുലിനെ വിമർശിക്കുന്നതിനൊപ്പം ശിക്ഷാവിധി റദ്ദാക്കാനും ഇളവ് നൽകാനും കോടതി വിസമ്മതിച്ചു. ഇതോടെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.