Monday, November 25, 2024

സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ ഇനി ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തം

സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ വിഭാഗത്തിലെ രണ്ടാമത്തെ കപ്പലായ Y 12705 മോർമുഗാവോ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. രാജ്യസുരക്ഷാ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. പ്രോജക്റ്റ് 15B-യുടെ നാല് കപ്പലുകൾക്കുള്ള കരാർ 2011 ജനുവരി 28-നാണ് ഒപ്പുവച്ചത്.

പ്രോജക്ട് 15ബിയുടെ ഭാഗമായി മജ്ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാണ് കപ്പൽ നിർമ്മിച്ചത്. കഴിഞ്ഞ ദശകത്തിൽ കമ്മീഷൻ ചെയ്ത കൊൽക്കത്ത ക്ലാസ് (പ്രോജക്റ്റ് 15 എ) ഡിസ്ട്രോയറുകളുടെ തുടർ പതിപ്പാണ് മോർമുഗാവോ. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ വാർഷിപ്പ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത്, MDL മുംബൈ നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിയിലുൾപ്പെട്ട നാല് കപ്പലുകൾ ആണ് ഉള്ളത്. ഇവയെ വിശാഖപട്ടണം, മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നീ പേരുകളിലായാണ് നാമകരണം ചെയ്തിരിക്കുന്നത്.

മുൻപ് 2021 നവംബർ 21 ന് ഐഎൻഎസ് വിശാഖപട്ടണം ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തിരുന്നു. 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള കപ്പലിന് 7400 ടൺ പൂർണ്ണ ശേഷിയിൽ 30 നോട്ട് വേഗതയുമുണ്ട്. പദ്ധതിയുടെ തദ്ദേശീയമായ ഉള്ളടക്കം ഏകദേശം 75% വരും. മദ്ധ്യദൂര ഉപരിതല-വ്യോമ മിസൈലുകൾ (BEL, ബാംഗ്ലൂർ), ബ്രഹ്മോസ് ഉപരിതല-ഉപരിതല മിസൈലുകൾ (ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്, ന്യൂ ഡൽഹി), മൂന്ന് ടോർപ്പിഡോ ട്യൂബ് ലോഞ്ചറുകൾ (ലാർസൻ ആൻഡ് ടൂബ്രോ, മുംബൈ), അന്തർവാഹിനി വേധ തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ (ലാർസൻ ആൻഡ് ടൂബ്രോ, മുംബൈ), 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് (BHEL, ഹരിദ്വാർ) തുടങ്ങിയ തദ്ദേശീയ ആയുധങ്ങളാണ് കപ്പലിൽ ഉൾക്കൊള്ളുന്നത്.

Latest News