Thursday, April 10, 2025

പത്തു കൽപനകൾ ആലേഖനം ചെയ്ത ലോകത്തിലെ ഏറ്റവും പഴയ ശിലാഫലകം ഈ മാസം ലേലത്തിന്

എ. ഡി. 300 മുതൽ 800 വരെയുള്ള കാലഘട്ടത്തിനിടയിൽ നിർമിക്കപ്പെട്ട പത്ത് കൽപനകൾ ആലേഖനം ചെയ്ത ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശിലാഫലകം ഈ മാസം ന്യൂയോർക്കിൽ വച്ച് ലേലം ചെയ്യുമെന്ന് സോത്ത്ബി ലേല സ്ഥാപനം അറിയിച്ചു. പാലിയോ-ഹീബ്രു ലിപിയിൽ കൽപനകൾ ആലേഖനം ചെയ്ത, 52 കിലോഗ്രാം തൂക്കം വരുന്ന മാർബിൾ സ്ളാബാണ് ഡിസംബർ 18 ന് ലേലം ചെയ്യുന്നത്.

1913 ൽ ഇസ്രായേലിന്റെ തെക്കൻ തീരത്ത് റെയിൽവേ പാതയുടെ നിർമാണത്തിനിടെ കണ്ടെത്തിയ ഈ സ്ളാബ് ചരിത്രപരമായി പ്രാധാന്യമുള്ള ഒരു പുരാവസ്തുവായി ആദ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. 1943 വരെ ഇത് പ്രദേശത്തെ ഒരു വീടിന്റെ തറയോടായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയപ്പോൾ ഒരു പുരാവസ്തു ഗവേഷകന് വിറ്റു.

സ്ലാബിൽ ആലേഖനം ചെയ്തിരിക്കുന്ന വാചകങ്ങൾ ക്രിസ്ത്യൻ, യഹൂദ പാരമ്പര്യങ്ങൾക്കു പരിചിതമായ ബൈബിൾ വാക്യങ്ങളാണ്. എന്നാൽ, കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുതെന്ന മൂന്നാമത്തെ കൽപന ഇല്ല. അതിനു പകരം സമരിയാക്കാരുടെ പുണ്യസ്ഥലമായ ഗെറിസിം പർവതത്തിൽ ആരാധന നടത്താനുള്ള ഒരു നിർദേശം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ളാബിന് ഒരു മില്യൺ മുതൽ രണ്ടു മില്യൺ ഡോളർ വരെ വില ലഭിക്കുമെന്നാണ് സോത്ത്ബി കണക്കാക്കുന്നത്.

Latest News