Tuesday, November 26, 2024

ചാര ഉപഗ്രഹവിക്ഷേപണം നിര്‍ത്തിവയ്ക്കണം: ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ചാര ഉപഗ്രഹവിക്ഷേപണത്തിനു തയ്യാറെടുക്കുന്ന ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയന്‍ സൈന്യം. ഉപഗ്രഹവിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ ഉടൻ നിർത്തണമെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. വിക്ഷേപണത്തിനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ഉത്തര കൊറിയയ്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ദക്ഷിണ കൊറിയ അറിയിച്ചു.

ഈ വര്‍ഷം രണ്ടുതവണയാണ് ഉത്തര കൊറിയ ചാര ഉപഗ്രഹവിക്ഷേപണം നടത്തിയത്. എന്നാല്‍ ഇത് രണ്ടും പരാജയപ്പെടുകയും ഇനിയും പരീക്ഷണം തുടരുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചാര ഉപഗ്രഹവിക്ഷേപണത്തിനായി ഉത്തര കൊറിയ തയ്യാറെടുക്കുന്നത്.

ചാര ഉപഗ്രഹവിക്ഷേപണത്തിനുള്ള അവസനഘട്ട തയ്യാറെടുപ്പുകള്‍ പ്യോങ്യാങില്‍ പുരോഗമിക്കുന്നതായും ഈ ആഴ്ചതന്നെ വിക്ഷേപണം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് ദക്ഷിണ കൊറിയയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയിരിക്കുന്നത്. “ഒരു സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള നിലവിലെ തയ്യാറെടുപ്പുകൾ ഉടനടി നിർത്തിവയ്ക്കാൻ ഞങ്ങൾ ഉത്തര കൊറിയയ്ക്ക് കർശനമായി മുന്നറിയിപ്പ് നൽകുന്നു. ഞങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഒരു സൈനികനിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുന്നതിന് മുന്നോട്ടുപോകുകയാണെങ്കിൽ, ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സൈന്യം സ്വീകരിക്കും” – ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിലെ ചീഫ് ഓപ്പറേഷൻസ് ഡയറക്ടർ കാങ് ഹോ-പിൽ പറഞ്ഞു. .

Latest News