രംഗം പാരീസിലെ ഒളിമ്പിക് മത്സരവേദിയാണ്. വനിതകളുടെ ഫുട്ബോൾ ഫൈനലിൽ കരുത്തരായ അമേരിക്കയും ബ്രസീലും ഏറ്റുമുട്ടുന്നു. മത്സരത്തിൻ്റെ അമ്പത്തിയേഴാം മിനിറ്റിൽ മല്ലോറി സ്വാൻസൺ എന്ന ഇരുപത്തിയാറുകാരി അമേരിക്കക്കായി വിജയഗോൾ നേടി. മല്ലോറി നേടിയ ആ ഒറ്റഗോളിൽ അമേരിക്കൻ വനിതകൾ സ്വർണ്ണമെഡൽ നേടിയെടുത്തു.
കഥ ഇവിടെ തീരുന്നില്ല. ഇതിനൊരു ആദ്യഭാഗമുണ്ട്. അമേരിക്കൻ ഫുട്ബോൾ ടീമിൽ കയറിപ്പറ്റാൻ സ്വപ്നംകണ്ടവളായിരുന്നു മല്ലോറി. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്‌കൂളിലെ ഇയർബുക്കിൽ അവൾ എഴുതി I want to be on the USA soccer team and win a gold medal (എനിക്ക് അമേരിക്കൻ സോക്കർടീമിൽ അംഗമാവുകയും ഒരു സ്വർണ്ണമെഡൽ നേടുകയും വേണം.) ഇരുപത്തിയാറാം വയസ്സിൽ ഒളിമ്പിക്സിൽ അമേരിക്കൻ വനിതാ ടീമിനായി സ്വർണ്ണ മെഡൽ മത്സരത്തിൽ വിജയ ഗോൾ നേടി മല്ലോറി തൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു.
അതിനാൽ ചെറുപ്പത്തിലെ ഭാവിയിലേക്കായി സ്വപ്നം കാണുക.
ഫാ ജയ്സൺ കുന്നേൽ mcbs