‘വയനാടിന്റെ കഥാകാരി’ എന്നറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി. വത്സല (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരളസാഹിത്യ അക്കാഡമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്ത് വർക്കി പുരസ്കാരം, സി.വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് അടക്കമുള്ള ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
സാമൂഹികപ്രവർത്തക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയായ വത്സല, ‘നെല്ല്’ എന്ന നേവലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത് പിന്നീട് എസ്.എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കുകയും ചെയ്തിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും യാത്രാവിവരണങ്ങളും മലയാള സാഹിത്യലോകത്തിന് അവര്‍ സംഭാവന ചെയ്തിട്ടുണ്ട്. ഗൗതമന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, മരച്ചോട്ടിലെ വെയില്‍ചീളുകള്‍ തുടങ്ങിയവയാണ് മറ്റു പ്രശസ്തകൃതികള്‍
2021 -ലാണ് പി. വത്സല എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത്. കേന്ദ്ര-കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, സി.വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ വത്സലയുടെ കൃതികളെ തേടിയെത്തി. 1975 -ൽ പ്രസിദ്ധീകരിച്ച ‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന നോവലിനാണ് വത്സലയ്ക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. കേരളസാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിനും അവർ അർഹയായിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അധ്യക്ഷ കൂടിയായിരുന്ന അവര്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടെയും മകളായി 1938 ഏപ്രില്‍ 4 -ന് കോഴിക്കോടായിരുന്നു ജനനം. കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് പ്രധാനാധ്യാപികയായിരുന്ന വത്സല 1993 -ല്‍ വിരമിച്ചു.