Sunday, November 24, 2024

ഗുണനിലവാരമില്ലാത്ത സിറപ്പുകള്‍ക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഗുണനിലവാരമില്ലാത്ത സിറപ്പുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചുമയ്ക്കുള്ള സിറപ്പുകള്‍ കഴിച്ചതിനെ തുടര്‍ന്ന് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിലാണ് ഡബ്ലു.എച്ച്.ഒ -യുടെ ഇടപെടല്‍. നിരോധിത മരുന്നുകള്‍ വ്യാപകമായി വിറ്റഴിക്കുന്നതായി ഡബ്ലു.എച്ച്.ഒ കണ്ടെത്തിയിരുന്നു.

ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഗാംബിയ എന്നിവിടങ്ങളില്‍ ഗുണനിലവാരമില്ലാത്ത സിറപ്പുകള്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ വൃക്കസംബന്ധമായ രോഗം മൂലം 300 -ലധികം കുട്ടികള്‍ക്ക് മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, സിറപ്പുകളില്‍ ഉയര്‍ന്ന അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ചില കമ്പനികളുടെ കഫ് സിറപ്പുകള്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന തടയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം സിറപ്പുകള്‍ കരിഞ്ചന്ത വഴി വ്യാപകമായി വിറ്റുപോകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡബ്ലു.എച്ച്.ഒ -യുടെ അടിയന്തര ഇടപെടല്‍.

ഫിലിപ്പീന്‍സ്, ടിമോര്‍ ലെസ്റ്റെ, സെനഗല്‍, കംബോഡിയ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ മരുന്നുകള്‍ വ്യാപകമായി വിറ്റഴിക്കുന്നത്. അതിനാല്‍ വൃക്കസംബന്ധമായ രോഗങ്ങള്‍ ഇനിയും കുട്ടികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ലു.എച്ച്.ഒ -യുടെ കണ്ടെത്തല്‍. അതിനെ തുടർന്ന്, കൂടുതല്‍ മരണങ്ങള്‍ തടയാന്‍ 194 അംഗരാജ്യങ്ങളിലുടനീളം ഇതിനെതിരെ അടിയന്തിര നടപടിയെടുക്കാനും സംഘടന ആവശ്യപ്പെട്ടു.

മെഡിക്കല്‍ വിതരണ ശൃംഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് ഉടനടി നടപടിയെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

Latest News