സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും കേന്ദ്ര സര്‍ക്കാര്‍. ഓള്‍ഡ് പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്ഷന്‍ ചൊവ്വാഴ്ച രാജ്യവ്യാപകമായി ജില്ലാതല റാലി ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് പേഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് തിങ്കളാഴ്ച നല്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂട്ട കാഷ്വല്‍ ലീവ്, മെല്ലപ്പോക്ക് സമരം, ധര്‍ണ തുടങ്ങി ഏതെങ്കിലും സമരമോ ഇതിന് പ്രേരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിയോ മറ്റൊ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് 1964 ലെ സിസിഎസ് നിയമം ഏഴിന്റെ ലംഘനമായിരിക്കുമെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാമെന്ന് കാണിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിലില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത് ചട്ടലംഘനമാണെന്നും അത് നിയമപ്രകാരം നേരിടാമെന്നും സുപ്രീം കോടതി നിരവധി തവണ വ്യക്തമാക്കിയതാണെന്ന് ഉത്തരവില്‍ പറയുന്നു. പ്രതിഷേധം നടത്താന്‍ തീരുമാനിച്ച തീയതികളില്‍ അവധി നല്‍കരുതെന്നും ജോലിക്ക് ഹാജരാകുന്നവര്‍ക്ക് തടസ്സമില്ലാതെ ഓഫിസ് വളപ്പിനകത്ത് പ്രവേശിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.