മ്യാൻമറിൽ അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം. ഇന്ന് ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. ആദ്യമുണ്ടായ ഭൂചലനത്തിനു തൊട്ടുപിന്നാലെ രണ്ടാമതും ഭൂചലനം ഉണ്ടായി. രണ്ടാമതുണ്ടായ ഭൂചലനം 6.8 തീവ്രത രേഖപ്പെടുത്തി.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം, മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്നത്. ശക്തമായ ഭൂചലനത്തിനു പിന്നാലെ നൂറുകണക്കിന് ആളുകൾ കെട്ടിടങ്ങളിൽനിന്നും വീടുകളിൽനിന്നുമായി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ശക്തമായ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വടക്കൻ, മധ്യ തായ്‌ലൻഡിലെ വളരെ ദൂരെയുള്ള പ്രദേശങ്ങളിൽപോലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. അതേസമയം, മ്യാൻമറിൽ നിന്നുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിടാൻ മടിക്കുന്നതായും ആരോപണമുണ്ട്. ഉയരത്തിലുള്ള കെട്ടിടങ്ങളിലുള്ള സ്വിമ്മിങ് പൂളുകളിലെ വെള്ളം പോലും ഭൂചനലനത്തിൽ താഴേക്ക് ഒഴുകിയതായി റിപ്പോർട്ടുകളുണ്ട്.
മ്യാൻമറിനു പിന്നാലെ തായ്‌ലൻഡ്, വിയറ്റ്നാം ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തായ്‍ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി അടിയന്തരയോഗം വിളിച്ചുചേർത്തു. ഇതിനകം തന്നെ ഭൂചലനത്തിന്റെ ചില വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. വലിയ കെട്ടിടങ്ങൾ നിലംപതിക്കുന്നതും ആളുകൾ നിലവിളിച്ച് ഓടുന്നതുമെല്ലാം വീഡിയോയിൽ ദൃശ്യമാണ്.