Friday, April 11, 2025

വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആര്‍ടിസി; അപേക്ഷിക്കേണ്ടതിങ്ങനെ

വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആര്‍ടിസി. സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ പട്ടിക കാണാം.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്‌കൂള്‍ / കോളജ് ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പട്ടികയില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ ഐഡി (ലിസ്റ്റില്‍ ഉള്ള സ്‌കൂളിന്റെ ഇ-മെയില്‍ വിലാസം ) ഉപയോഗിക്കണം. ഫോര്‍ഗോട്ട് പാസ്‌വേഡ് മുഖേന പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ മെയിലില്‍ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിച്ച് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂള്‍ രജിസ്‌ട്രേഷന്‍ / കോളജ് രജിസ്‌ട്രേഷന്‍ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കെഎസ്ആര്‍ടിസിയുടെ ഹെഡ് ഓഫീസില്‍ നിന്നും അനുമതി എസ് എം എസ് / ഇ മെയില്‍ അറിയിപ്പ് ലഭിച്ചതിനു ശേഷം സ്ഥാപനങ്ങള്‍ക്ക് ലോഗിന്‍ ചെയ്ത് പോര്‍ട്ടലില്‍ പ്രവേശിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും [email protected] എന്ന ഇ – മെയിലില്‍ ബന്ധപ്പെടാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപേക്ഷ അംഗീകരിച്ചതായി എസ് എം എസ് ലഭിക്കും. എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭിക്കും. തുക അടച്ചാല്‍ ഏത് ദിവസം കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് എസ് എം എസ് വഴി അറിയാം.

ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാനും സൗകര്യമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി പ്രസ്തുത വെബ്‌സൈറ്റില്‍ തന്നെ അപ്പീല്‍ ആപ്ലിക്കേഷന്‍ എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം.

 

Latest News